‘എനിക്കല്ല സമ്മാനം'; പൊല്ലാപ്പിലായി ഷിബിൻ; വിഷു ബമ്പർ വിജയിയെ തേടി കേരളക്കര

By Web Team  |  First Published Jul 23, 2021, 12:11 PM IST

യഥാർത്ഥത്തിൽ ബമ്പർ അടിച്ച ആളെ കണ്ടെത്തിയാൽ തൻ്റെ പൊല്ലാപ്പ് അവസാനിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് ഷിബിൻ ഇപ്പോൾ.


കോഴിക്കോട്: ഇത്തവണത്തെ വിഷു ബമ്പർ വടകരയിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ വിജയിയെ കാത്തിരിക്കുകയാണ് കേരളക്കര. ആരെയായിരിക്കും കൊവിഡ് കാലത്ത് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നതെന്ന ആകാംഷയാണ് വടകരയിലെങ്ങും. കാത്തിരിപ്പിന് ശേഷം വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. എൽബി 430240 എന്ന നമ്പറിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 
 
വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. വടകര തിരുവള്ളൂർ ഭാഗത്താണ് ആ ടിക്കറ്റ് വിറ്റതെന്നാണ് ഏജൻ്റ് പറയുന്നത്.  എന്നാൽ ആരാണ് കോടിപതിയെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാൽ ബമ്പർ തിരുവള്ളൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ ശരിക്കും പൊല്ലാപ്പിലായിരിക്കുകയാണ് വ്യാപാരിയായ ഷിബിൻ.

ഷിബിനാണ് വിഷു ബംബർ ലോട്ടറി അടിച്ചതെന്ന പ്രചാരണം നാട്ടിൽ കാട്ടുതീ പോലെ പരന്നതാണ്  അദ്ദേഹത്തെ ശരിക്കും ബുദ്ധിമുട്ടിലാക്കിയത്. നിരന്തരമായി ഷിബിൻ്റെ ഫോണിലേക്ക് കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും ഷിബിൻ പറയുന്നു. മാധ്യമങ്ങളിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നടക്കം നിരവധി കോളുകളാണ് വരുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞ് തളർന്നതായും ഷിബിൻ പറയുന്നു.

Latest Videos

undefined

തിരുവള്ളൂരിൽ പച്ചക്കറി കച്ചവടവും സർവീസ് സെന്ററും നടത്തുകയാണ് ഷിബിൻ. സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ലോട്ടറി അടിച്ചെന്ന തരത്തിൻ നടത്തിയ പരാമർശമാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നാണ് ഷിബിൻ സംശയിക്കുന്നത്. യഥാർത്ഥത്തിൽ ബമ്പർ അടിച്ച ആളെ കണ്ടെത്തിയാൽ തൻ്റെ പൊല്ലാപ്പ് അവസാനിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് ഷിബിൻ ഇപ്പോൾ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!