കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബംമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ്.
കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ്. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് ദിനേശ് കുമാർ എടുത്ത പത്ത് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 12 കോടി. JC 325526 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്ന് ദിനേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷമാണ് ദിനേശ് ഇന്ന് ലോട്ടറി ഏജൻസിയിലേക്കെത്തിയത്. ബംപർ സ്ഥിരമായി എടുക്കുന്നയാണ് താനെന്ന് ദിനേശ് പറഞ്ഞു. ഫാം നടത്തുകയാണ് ദിനേശ് കുമാർ. ഭാര്യ രശ്മി, മകൻ ധീരജ്, മകൾ ധീരജ എന്നിവർക്കൊപ്പമാണ് ദിനേശ് കുമാർ ലോട്ടറി ഏജൻസിയിലെത്തിയത്.
undefined
'ഇവിടെ നിന്ന് ആദ്യമായിട്ടാണ് ടിക്കറ്റെടുക്കുന്നത്. ബമ്പറാണ് എടുക്കാറുള്ളത്. പത്ത് ടിക്കറ്റെടുക്കും. എന്നിട്ട് വീട്ടിൽ ഓരോരുത്തർക്കും കൊടുക്കും. ഇത്തവണയും 10 എണ്ണം എടുത്തു. സമ്മാനമടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇന്നലെ റിസൾട്ട് വന്നപ്പോൾ തന്നെ നോക്കി ഉറപ്പിച്ചിരുന്നു. ഇന്ന് സുഹൃത്തിന്റെ മകളുടെ വിവാഹമായിരുന്നു. അത് കഴിഞ്ഞ് വരാമെന്ന് കരുതി. ഇതിന് മുമ്പ് പതിനായിരം, അമ്പതിനായിരം ഒക്കെ അടിച്ചിട്ടുണ്ട്. 2019ല്‍ ഒരു നമ്പർ വ്യത്യാസത്തിൽ 12 കോടി നഷ്ടമായി.' ഭാര്യയോടും മക്കളോടും ഇന്ന് രാവിലെയാണ് പറഞ്ഞതെന്നും ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടിലെ കുറച്ച് ആളുകളെ സഹായിക്കാനാണ് തീരുമാനമെന്നും ലഭിച്ച തുക ഇപ്പോൾ ഡെപ്പോസിറ്റ് ചെയ്യുമെന്നും ദിനേശ് കുമാർ പറഞ്ഞു. സാമ്പത്തികം കൈകാര്യം ചെയ്യുന്ന ആളാണ് താനെന്നും അതിനാൽ കോടീശ്വരൻ ആയതിൽ പേടിയൊന്നും ഇല്ലെന്നും ദിനേശ് കുമാർ പറഞ്ഞു. നാട്ടിൽ ശുദ്ധരായ, കബളിപ്പിക്കപ്പെട്ട ചില മനുഷ്യരുണ്ട്, അവരെ സഹായിക്കണമെന്നാണ് ആഗ്രഹമെന്നും ദിനേശ് കുമാർ അറിയിച്ചു. ലോട്ടറി എടുത്താലേ അടിക്കൂ എന്നാണ് ദിനേശ് കുമാറിന് പങ്കുവെക്കാനുള്ള സന്ദേശം.
പൂജാ ബമ്പര്‍: കേരളം തിരഞ്ഞ ആ ഭാഗ്യശാലിയിതാ, 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്