ടിക്കറ്റെടുത്തത് അഞ്ച് പേർ ചേർന്ന്; ഓണം ബമ്പറിന്‍റെ ഒരുകോടി തേടിയെത്തിയ പൊലീസുകാർ

By Web Team  |  First Published Sep 20, 2021, 6:02 PM IST

ആറ് കോടി രൂപയാണ് ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം ആറ് പേർക്കാകും ലഭിക്കുക. 


വടകര: കഴിഞ്ഞ ദിവസം നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലൂടെ നിരവധി പേരെയാണ് ഭാ​ഗ്യം തേടിയെത്തിയത്. ഈ അവസരത്തിൽ കൂട്ടമായെടുത്ത ടിക്കറ്റിന് ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ ലഭിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വടകര എസ് പി ഓഫീസിലെ അഞ്ച് പൊലീസുകാർക്കാണ് ഭാ​ഗ്യം കൈവന്നത്.

അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഈ പൊലീസുകാരിപ്പോൾ. അഞ്ച് പേർ ചേർന്ന് ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആറ് കോടി രൂപയാണ് ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം ആറ് പേർക്കാകും ലഭിക്കുക. 

Latest Videos

undefined

"അടുത്തുള്ളൊരു കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. അസുഖമായി കിടന്ന ഇദ്ദേഹം ഒത്തിരി നാളുകൾക്ക് ശേഷമാണ് കച്ചവടത്തിനിറങ്ങിയത്. ടിക്കറ്റുകളൊക്കെ ബാക്കിയാണ് നിങ്ങൾ എന്തെങ്കിലും എടുക്കണമെന്ന് അയാൾ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ അ‍ഞ്ച് പേർ ചേർന്ന് ലോട്ടറി എടുക്കുന്നത്" എന്ന് പൊലീസുകാർ പറയുന്നു. 

അതേസമയം, ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ, ഇത് ഉറപ്പുവരുത്തുന്നതിന് നാട്ടിൽ നിന്നും സെയ്തലവിക്കായി ടിക്കറ്റെടുത്ത സുഹൃത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും കേരളക്കരയും. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാ​ഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 12 കോടി നേടിയ ഭാ​ഗ്യവാനെ കേരളം മുഴുവൻ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി പ്രവാസിയായ സെയ്തലവി രം​ഗത്തെത്തിയത്. മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്ന് ഇന്നലെ തന്നെ വിവരം പുറത്തു വന്നിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!