മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറിൽ കുരുങ്ങിയതോടെ ആക്രമണം; വിരലിൽ മുള്ള് തുളച്ച് കയറി, യുവാവിന് പരിക്ക്

By Web Team  |  First Published Oct 2, 2024, 8:42 PM IST

റോഡില്‍ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ സമീപത്തെ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.


കോഴിക്കോട്: മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍ കുടുങ്ങിയതോടെ മുള്ളന്‍പന്നി ലിജിലിനെ ആക്രമിച്ചു. 

ആക്രമണത്തിൽ ലിജിലിന്‍റെ വലത് കാലിലെ  വിരലില്‍ മുള്ള് തുളച്ചു കയറുകയും ചെയ്തു. റോഡില്‍ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ സമീപത്തെ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വച്ച് മുള്ള് നീക്കം ചെയ്‌തെങ്കിലും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Latest Videos

സാരമുള്ള പരിക്ക് അല്ലാത്തതിനാല്‍ യുവാവ് പിന്നീട് വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ ലിജിലിന്റെ ബൈക്കിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. യുവാവിനെ മുള്ളൻപന്നി ആക്രമിച്ച പ്രദേശം ജനവാസ മേഖലയാണെങ്കിലും ഇവിടെ മുള്ളന്‍ പന്നി, കാട്ടുപന്നി തുടങ്ങിയ ജീവികള്‍ യഥേഷ്ടമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി സമയങ്ങളില്‍  മുള്ളൻപന്നിയടക്കമുള്ള വന്യ മൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും വനം വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

വീഡിയോ സ്റ്റോറി കാണാം

Read More : മെഡിക്കല്‍ ഷോപ്പ് ഉടമ കടയിലെത്തിയില്ല, ജീവനക്കാര്‍ അന്വേഷിച്ചെത്തി; കണ്ടെത് രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയിൽ

click me!