ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിൻറെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഗൂഗിൾ പേ വഴി 55,000 രൂപ എത്തിയത്.
വണ്ടൻമേട്: പെട്ടെന്നൊരു നിമിഷത്തിൽ 55,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുറകെ ഫോൺ വിളിയും വരുന്നു. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു അവസ്ഥ വന്നാൽ എന്തു ചെയ്യും. ഇടുക്കി വണ്ടൻമേട് സ്വദേശിക്കും തൃശ്ശൂർ സ്വദേശിക്ക് അത്തരമൊരു അനുഭവമുണ്ടായി. പിന്നാലെ ട്വിസ്റ്റും. സംഭവം ഇങ്ങനെയാണ്.
ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിൻറെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഗൂഗിൾ പേ വഴി 55,000 രൂപ എത്തിയത്. അപ്രതീക്ഷിതമായി അക്കൌണ്ടിലേക്ക് വൻ തുകഎത്തിയതിന്‍റെ ഞെട്ടിലില്‍ ഇരിക്കുമ്പോള്‍ തൊട്ടുപിന്നാലെ ജോയലിന് തൃശൂരിൽ നിന്നാണെന്ന് പറഞ്ഞൊരു ഫോൺ വിളിയും. മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച പണം നമ്പർ മാറി എത്തിയതാണെന്നും മടക്കി നൽകണമെന്നുമായിരുന്നു ആവശ്യം. തൃശ്ശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് ജോയലിനെ വിളിച്ചത്.
ഇതോടെ മകൻ ഇക്കാര്യം പിതാവ് സിജുവിനെ അറിയിച്ചു. അപ്പോഴാണ് കുറച്ചുപണം അക്കൗണ്ടിലേക്കു നിക്ഷേപിച്ചശേഷം അത് തിരികെ ആവശ്യപ്പെടുകയും മടക്കി അയയ്ക്കുമ്പോൾ അക്കൗണ്ടിലുള്ള പണം പൂർണമായി നഷ്ടമാകുകയും ചെയ്യുന്ന തട്ടിപ്പിനെക്കുറിച്ച് സിജുവിന് ഓർമ്മ വന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടന്ന കാര്യം വാർത്തകളിൽ നിന്നും സിജു മനസലിക്കായിരുന്നു. സമാനമായി തട്ടിപ്പിന് ഇരയാകാതിരിക്കാൻ മകൻറെ അക്കൗണ്ടിലേക്ക് വന്ന പണം സിജു സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. തുടർന്നു വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.
സിജുവിൻറെയും വണ്ടന്മേട് പൊലീസിൻറെയും നിർദ്ദേശ പ്രകാരം പരമേശ്വരൻ തൃശ്ശൂർ വരന്തരപ്പിള്ളി പൊലീസിനെ വിവരം അറിയിച്ചു. അവിടെ നിന്നും വണ്ടന്മേട് സ്റ്റേഷനിലേക്ക് സന്ദേശമെത്തിയതോടെയാണ് തട്ടിപ്പല്ല, സംഭവം റിയലാണെന്ന് മനസ്സിലായത്. വണ്ടന്മേട് പൊലീസിൻറെ സാന്നിധ്യത്തിൽ പണം കൈമാറാമെന്ന് സിജു അറിയിച്ചു. തുടർന്ന് പരമേശ്വരൻ വണ്ടൻമേട് എത്തി പണം കൈപ്പറ്റി. എന്തായാലും പണം തിരിക കിട്ടിയ ആശ്വാസത്തിലാണ് പരമേശ്വരൻ, തട്ടിപ്പിനിരയായില്ലെന്ന ആശ്വാസത്തിൽ ജോയലും സിജുവും.
Read More : വിഷക്കായ കഴിച്ചു, ആദ്യം ആരെയും അറിയിച്ചില്ല; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം