കോളിക്കലിൽ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു മകൻ അനീസ്.
കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് കോളിക്കൽ സ്വദേശി മരണപ്പെട്ടു. കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ബാലുശ്ശേരി എകരൂൽ കരുമലയിൽ വെച്ചായിരുന്നു അപകടം. രാവിലെ അപകടം നടന്നയുടനെ അനീസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് അനീസ് മരിച്ചത്. കോളിക്കലിൽ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു മകൻ അനീസ്.
അതേസമയം കോഴിക്കോട് താമരശ്ശേരിയിൽ കുറച്ച് മുന്നേ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റിരുന്നു. ചുങ്കം കൂടത്തായി റോഡിൽ മൃഗാശുപത്രിക്കും മിച്ചഭൂമി ജംഗ്ഷനുമിടയിലാണ് അപകടം നടന്നത്. അരീക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ താമരശേരി സ്വദേശിയുടെ കാറിൽ തെറ്റായ ദിശയിൽ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഇന്നലെ കോട്ടയത്ത് ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് കുറവിലങ്ങാട് പഞ്ചായത്തിലെ ശുചികരണ തൊഴിലാളി മരിച്ചിരുന്നു. പിന്നോട്ട് എടുത്ത ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ചാണ് കോട്ടയം കുറവിലങ്ങാട് പഞ്ചായത്തിലെ ശുചികരണ തൊഴിലാളി തൽക്ഷണം മരിച്ചത്. കുറവിലങ്ങാട് പള്ളിയമ്പ് സ്വദേശി കണ്ണംകുളത്തേൽ ബേബി (56) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 8 മണിയോടെ കുറവിലങ്ങാട് ബൈപാസ് റോഡിൽ ഷാപ്പിനു സമീപമായിരുന്നു അപകടം നടന്നത്. കുറവിലങ്ങാട് ടൗണിലെ ശുചീകരണത്തിനു ശേഷം സ്‌ക്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി പെട്ടന്ന് പിറകോട്ട് എടുത്തതാണ് അപകട കാരണം. ലോറി ബേബിയുടെ ശരീരത്തിലൂടെ കയറിയങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബേബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽപ്പെട്ട ലോറി കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. അപകടത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.