വ്യാജനിയമന തട്ടിപ്പ്; അരവിന്ദ് വെട്ടിക്കലിനെതിരെ കൂടുതൽ പരാതികൾ, 5 ദിവസത്തെ കസ്റ്റഡിയിൽ

By Web Team  |  First Published Dec 8, 2023, 5:18 PM IST

ആരോ​ഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. 


തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസിൽ യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അരവിന്ദിനെതിരെ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ആരോ​ഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. 

പത്തനംതിട്ട, കോഴഞ്ചേരി ആശുപത്രികളിലും ജോലി വാ​ഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. നഴ്സിം​ഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുളള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് 80,000 രൂപ തട്ടിയെന്നാണ് അരവിന്ദ് വെട്ടിക്കലിനെതിരെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ  ആറന്മുള പൊലീസാണ് കേസെടുത്തത്. 

Latest Videos

പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ അരവിന്ദനെയാണ് കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തതിന് പിന്നാലെയാണ് നടപടി. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയിലെ അന്വേഷണത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് അരവിന്ദ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. 

കോഴ‌ഞ്ചേരി ആശുപത്രിക്ക് മുന്നിൽ വച്ച് വ്യാജ നിയമന ഉത്തരവും നൽകി. ഈ ഉത്തരവിന്‍റെ ഒരു പകർപ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ഈ വ്യാജ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തട്ടിപ്പിൽ പിടിയിലായതറിഞ്ഞ് ജോലിക്ക് പണം നൽകിയ നിരവധി പേരാണ് പൊലീസിനെ വിളിക്കുന്നത്. ആരോഗ്യവകുപ്പിൽ നിയമനത്തിന്  എംപി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നിയമനം വാഗ്ദാനം ചെയ്തു തന്നോട് മൂന്ന് ലക്ഷം രൂപ അരവിന്ദ് ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവമോർച്ച നേതാവ് അജിത് സജി രംഗത്തെത്തി.

ബെവ്ക്കോയിൽ നിയമനം വാദ്ഗാനം ചെയ്ത് കായംകുളം സ്വദേശിയായ ദമ്പതി കളിൽ നിന്നും ഒന്നര ലക്ഷമാണ് അരവിന്ദ് വാങ്ങിയത്. ആറൻമുള, തിരുവല്ല, കരുവാറ്റ സ്വദേശികളാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. നിയമനത്തിനായി പണം നൽകിയ മറ്റ് ചിലരും അരവിന്ദന്‍റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്. പക്ഷെ നഷ്ടമായവർക്ക് നാണക്കേട് കാരണം പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. 

നഴ്സിംഗ് സീറ്റ് വാദ്ഗാനം ചെയ്തും അരവിന്ദ് തട്ടിപ്പ് നടത്തിയതായുള്ള രേഖകള്‍ പൊലീസിന് ലഭിച്ചു. പാലയിലുള്ള ഒരാള്‍ വഴിയാണ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയെന്നാണ് വിവരം. തട്ടിപ്പിനെ കുറിച്ച് അരവിന്ദിന്‍റെ മൊഴിയും വിചിത്രമാണ്. തിരുവനന്തപുരത്ത് വച്ച് പരിചയപ്പെട്ട ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന ഒരാള്‍ക്കാണ് പണം കൈമാറിയതെന്നാണ് അരവിന്ദ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!