പനമരം എസ് ഐ വിമല്‍ ചന്ദ്രന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി കയ്യോടെ പിടിയിലായത്
കല്‍പ്പറ്റ: പനമരത്തിനടുത്ത കരിമ്പുമ്മലില്‍ വർക്ക് ഷോപ്പിന്‍റെ മറവിൽ വിദേശമദ്യം അനധികൃതമായി വില്‍പ്പന നടത്തിയ യുവാവ് പിടിയിലായി. ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ച ആറര ലിറ്റര്‍ വിദേശ മദ്യവുമായി കരിമ്പുമ്മല്‍ ചെരിയില്‍ നിവാസില്‍ ജോര്‍ജ് കുട്ടി (37) ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക് ഷോപ്പിന് സമീപത്തു നിന്നുമാണ് പതിമൂന്ന് കുപ്പികളിലായി സൂക്ഷിച്ച വിദേശമദ്യം കണ്ടെടുത്തത്. പനമരം എസ് ഐ വിമല്‍ ചന്ദ്രന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി മദ്യ ശേഖരവുമായി കയ്യോടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം മാഹിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്കൂട്ടറിൽ കടത്തിയ 68 കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി എന്നതാണ്. കോഴിക്കോട് ചെറുവണ്ണൂർ പനയതട്ട് വാപ്പാഞ്ചേരി നിഖിലിനെയാണ് ( 30 ) വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രനും പാർട്ടിയും അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിന് മുന്നിൽ നിന്നാണ് കെഎൽ 85 - 8845 സുസുക്കി സ്കൂട്ടറിൽ കടത്തി കൊണ്ടു വരികയായിരുന്ന മദ്യവുമായി നിഖിൽ പിടിയിലായത്. വലിയ ബാഗിലായിരുന്നു മദ്യം. കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മദ്യവും സ്കൂട്ടറും സഹിതം നിഖിലിനെ അറസ്റ്റ് ചെയ്ത് കേസാക്കിയതായി എക്സൈസ് അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർ ജിജുവും പരിശോധനയിൽ പങ്കെടുത്തു. മാഹിയിൽ നിന്ന് പലപ്പോഴും ഇത്തരത്തിൽ മദ്യം കടത്തുന്നവരെ പൊലീസും എക്സൈസും വാഹന പരിശോധനയിലടക്കം പിടികൂടിയിട്ടുണ്ട്.
മാഹിയില്‍ നിന്ന് സ്കൂട്ടറിൽ കടത്തിയത് 68 കുപ്പി വിദേശ മദ്യം; കോഴിക്കോട് യുവാവ് എക്സൈസിൻ്റെ പിടിയിൽ