നിക്ഷേപം തിരികെ ലഭിച്ചില്ല; കരുവന്നൂർ ബാങ്കിന് മുന്നിൽ വസ്ത്രമുരിഞ്ഞ് യുവാവിന്റെ പ്രതിഷേധം

By Web TeamFirst Published Sep 19, 2024, 10:13 PM IST
Highlights

മന്ത്രിമാരായ ആര്‍. ബിന്ദുവിനും വാസവനും കത്തുകള്‍ അയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ജോഷി പറയുന്നു. മുന്‍പ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്ത് നല്‍കിയിരുന്നു.

തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ജോഷി പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ എത്തിയത്. കരുവന്നൂര്‍ ബാങ്കിന്റെ സി.ഇ.ഒ രാകേഷ് കെ.ആര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹന്‍ദാസ് എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ബന്ധുക്കളുടെ പേരിലുള്ള മുഴുവന്‍ നിക്ഷേപ തുകയായ 60 ലക്ഷത്തോളം രൂപ ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ജോഷി ബാങ്കിന് മുന്നില്‍ മേല്‍വസ്ത്രം ഊരിഞ്ഞ് മാറ്റി പ്രതിഷേധിച്ചത്. ഗാന്ധിജിയുടെ സമരമാര്‍ഗമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാലാണ് മേല്‍വസ്ത്രം ഊരി മാറ്റി പ്രതിഷേധിക്കുന്നതെന്നും ജോഷി പറഞ്ഞു. 

മന്ത്രിമാരായ ആര്‍. ബിന്ദുവിനും വാസവനും കത്തുകള്‍ അയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ജോഷി പറയുന്നു. മുന്‍പ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്ത് നല്‍കിയിരുന്നു. ജോഷിയുടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെ പേരിലുമായാണ് ഇനി 60 ലക്ഷത്തോളം രൂപ നിക്ഷേപമുള്ളത്. ജോഷിയുടെ പേരിലുണ്ടായിരുന്ന 28 ലക്ഷത്തോളം രൂപ മാസങ്ങള്‍ക്ക് മുന്‍പ് ചികിത്സാവശ്യങ്ങള്‍ക്കായി നിരവധി സമരങ്ങളുടെയും മറ്റും ഭാഗമായി തിരികെ നല്‍കിയിരുന്നു.

Latest Videos

കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ ജോഷിയുടെ ബന്ധുക്കള്‍ക്കായി ഗഡുക്കളായി അഞ്ചേകാല്‍ ലക്ഷം രൂപ തിരികെ നല്‍കാന്‍ ബാങ്ക് തയാറായിരുന്നുവെന്നും എന്നാല്‍ അത് സ്വീകരിക്കാന്‍ ജോഷി തയാറായില്ലയെന്നും ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്നും ഒരാള്‍ക്ക് അത്തരത്തില്‍ നല്‍കിയാല്‍ മറ്റ് നിക്ഷേപകരോട് കാണിക്കുന്ന പക്ഷപാതമായി അത് മാറുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

click me!