തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കർണാടക സ്വദേശിയായ ആദർശ് ( 27) ആണ് മരിച്ചത്.
തൃശൂർ: തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഉത്തര കർണാടക സ്വദേശി വാസുദേവ് അശോക് ശാസ്ത്രി (ആദർശ് – 27) ആണ് മരിച്ചത്. യുവാവ് പുത്തൻപീടികയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ നാല് സുഹൃത്തുക്കൾ ചേർന്ന് അന്തിക്കാട്ട് കുളത്തിൽ എത്തി നീന്താൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ യുവാവ് കുളത്തിൽ മുങ്ങിപ്പോയി. തുടര്‍ന്ന് കൂടെയുള്ള സുഹൃത്തുക്കൾ പരിഭ്രാന്തരായി ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കരയിൽ നിന്ന് 10 മീറ്റർ ദൂരത്തിനുള്ളിൽ വെള്ളത്തിനടിയിൽ നിന്ന് ആദർശിനെ മുങ്ങിയെടുത്തു. ഒരു മണിക്കൂറോളമാണ് യുവാവ് വെള്ളത്തിനടിയിൽ കിടന്നത്. പുറത്തെടുക്കുമ്പോൾ ഇയാൾക്ക് നേരിയ അനക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇയാളെയും കൊണ്ടുപോയ വാഹനം വഴിയിൽ വെച്ച് അപകടത്തിൽപ്പെട്ടെങ്കിലും തുടർന്ന് പുത്തൻ പീടികയിലെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.