കാലിൽ വലിയ വ്രണങ്ങൾ, സ്നേഹവീട്ടിൽ രക്തം ഛര്‍ദ്ദിച്ച് മരിച്ചത് മൂന്ന് പേർ; സ്രവ പരിശോധന ഫലം പുറത്ത്, മരണകാരണം?

By Web Team  |  First Published Aug 3, 2023, 2:02 PM IST

മൂവരും കാലിൽ വലിയ വ്രണങ്ങളുണ്ടായി പൊള്ളലേറ്റ പോലെ ത്വക്ക് പൊളിയുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നു.  ഇതേത്തുടർന്ന് ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ പരിശോധന നടത്തി.


കൊച്ചി: മൂവാറ്റുപുഴ നഗരസഭയുടെ വയോജന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരിൽ അപകടകാരിളായ ബാക്ടീരിയകൾ ഉണ്ടായിരുന്നതായി ലാബ് പരിശോധന ഫലം. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം വ്യക്തമായത്. മൂവാറ്റുപുഴ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സ്നേഹ വീട്ടിൽ കഴിഞ്ഞിരുന്ന അഞ്ചു പേരാണ് ഒരു മാസത്തിനിടെ മരിച്ചത്.

ഇതിൽ  പിറവം മാമലശേരി ചിറതടത്തിൽ ഏലിയാമ്മ സ്കറിയ (73), പെരുമ്പാവൂർ മുടിക്കൽ ശാസ്താം പറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), മൂവാറ്റുപുഴ കൊച്ചങ്ങാടി പുത്തൻ പുരയിൽ ആമിന പരീത് (86) എന്നിവരുടെ മരണത്തിലാണ് സംശയമുയർന്നത്. മൂവരും കാലിൽ വലിയ വ്രണങ്ങളുണ്ടായി പൊള്ളലേറ്റ പോലെ ത്വക്ക് പൊളിയുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നു.  ഇതേത്തുടർന്ന് ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ പരിശോധന നടത്തി.

Latest Videos

undefined

ഈ പരിശോധനയിലാണ് രണ്ടു ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മനുഷ്യരുടെ ത്വക്കിൽ വളരുന്ന ഈ ബാക്ടീരിയകൾ പ്രതിരോധ ശേഷി കുറഞ്ഞവരെ ഗുരുതരമായ രോഗങ്ങളിലേക്കും മരണത്തിലേക്കും നയിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗം ബാധിച്ചവരുടെ രക്ത പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ല. കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ശേഖരിച്ച സാമ്പിളുകളിലും ഈ ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ടും വിവിധ സാമ്പിളുകളുടെ പരിശോധന ഫലവും വന്നാൽ മാത്രമേ മരണകാരണം വ്യക്തമായി പറയാൻ കഴിയൂ എന്ന് കളമശ്ശേരിയിൽ നിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു. ഇതിനിടെ അന്തേവാസികളുടെ താൽക്കാലിക പരിചരണം പത്തനാപുരം  ഗാന്ധിഭവനെ  ഏൽപ്പിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. സ്നേഹവീടിന്‍റെ അറ്റകുറ്റപ്പണികൾക്കായി ഏഴു ലക്ഷം രൂപയും അനുവദിച്ചു. സാമൂഹിക ക്ഷേമ വകുപ്പിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും അനുമതി ലഭിച്ചാലുടൻ അന്തേവാസികളെ ഗാന്ധിഭവനിലേക്ക് മാറ്റും.

അതിവേഗ പാതയിൽ സ്കോര്‍പിയോ നിർത്തി, ചെടികൾ മുറിച്ചെടുത്ത് വണ്ടിയിലാക്കി; എല്ലാം കണ്ടുകൊണ്ട് മുകളിലൊരാൾ!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!