പന്നിശല്യം രൂക്ഷമായതിന് പിന്നാലെ വീട്ടിൽ നിന്നു കുഴിയെടുത്ത് സമീപത്തെ കുളം, കൃഷിയിടം എന്നിവയുടെ സമീപത്തെ ഇരുമ്പ് കമ്പികളിലേക്ക് വൈദ്യുതി നൽകുകയായിരുന്നു
പാലക്കാട്: കുളത്തിൽ വീണ് മരിച്ച വയോധികന്റെ മരണ കാരണം ഷോക്കേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നാലെ സ്ഥലം ഉടമ അറസ്റ്റിലായി. ഷൊർണൂർ പരുത്തിപ്രയിലാണ് സംഭവം. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനെ ആണ് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലം ഉടമ പരുത്തിപ്ര കോഴിപ്പാറ പുഴയ്ക്കൽ വീട്ടിൽ ശങ്കരനാരായണനെ (74) പൊലീസ് അറസ്റ്റ് ചെയ്തു. പന്നിക്കു വച്ച കെണിയിൽ നിന്നാണു ഷോക്കേറ്റതെന്നു പ്രതി പൊലീസിനോട് മൊഴി നൽകിയത്.
ശങ്കരനാരായണന്റെ കൃഷിയിടത്തിൽ പന്നിശല്യം വർധിച്ചതിനെ തുടർന്നു വീട്ടിൽ നിന്നു കുഴിയെടുത്ത് സമീപത്തെ കുളം, കൃഷിയിടം എന്നിവയുടെ സമീപത്തു സ്ഥാപിച്ച ഇരുമ്പു കമ്പികളിലേക്കു വൈദ്യുതി കടത്തിവിട്ടിരുന്നു. ശങ്കരനാരായണന്റെ വീട്ടിലെ ജോലിക്കാരനായ കുഞ്ഞൻ മീൻ വളർത്തുന്ന കുളത്തിന് സമീപത്തേക്ക് നവംബർ 28ന് പുലർച്ചെ 5 മണിയോടെ എത്തിയപ്പോൾ കമ്പിയിൽ നിന്നു ഷോക്കേറ്റ് കുളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് വിശദമാക്കുന്നത്.
പിറ്റേന്ന് രാവിലെ ശങ്കരനാരായണൻ വന്നപ്പോഴാണ് കുഞ്ഞൻ കുളത്തിൽ മരിച്ചു കിടക്കുന്നതു കണ്ടത്. ഉടൻ വൈദ്യുതിക്കെണി അവിടെ നിന്നു മാറ്റിയ ശേഷം ശങ്കരനാരായണൻ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലമുടമയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ, എസ്ഐ എം. മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം