ഒരൊറ്റ ഫോണ്‍ കോള്‍, മകന് തുണയായി; ഇടത് സഹയാത്രിക സുശീലാ വേലായുധന്‍റെ സങ്കടക്കണ്ണീർ തുടച്ച ഉമ്മൻ ചാണ്ടി...

By Web Team  |  First Published Jul 19, 2023, 9:51 AM IST

'അന്നദ്ദേഹം മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവാണ്. വാർത്തകളിലൂടെ കേട്ടുമാത്രം പരിചയമുള്ളൊരാളെ സുശീല വിളിച്ചു. ആ വിളി ഉമ്മൻ ചാണ്ടി കേട്ടു. അതോടെയാണ് തനിക്കും കുടുംബത്തിനും വീണ്ടും പ്രതീക്ഷയായതെന്ന് സുശീല പറയുന്നു.


കണ്ണൂർ: ചുറ്റുമുള്ള ശബ്ദങ്ങളറിയാതെ, പാട്ടിന്‍റെ പ്രകൃതിയുടെ ശബ്ദമാധുര്യമറിയാതെ നീണ്ട കാലം സുജിത്തിന് ചുറ്റും നടക്കുന്നതൊന്നും കേള്‍വിയിലൂടെ അറിയുക അസാധ്യമായിരുന്നു. ഒരമ്മയുടെയും മകന്‍റെയും ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിൽ ഒരൊറ്റ ഫോണ്‍ വിളിയിലൂടെ പ്രകീക്ഷയുടെ ശബ്ദമായി മാറിയ ഒരാളുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എഴുത്തുകാരിയും ഇടത് സഹയാത്രികയുമായ കണ്ണൂർ കല്ല്യാശ്ശേരിയിലെ സുശീലാ വേലായുധനും ആ ഫോണ്‍ കോള്‍ ഒരിക്കലും മറക്കില്ല.

സഹായമഭ്യർത്ഥിച്ച് തന്നെ തേടിയെത്തുന്നവരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട ഉമ്മൻ ചാണ്ടി പലർക്കും അത്ഭുതമായിട്ടുണ്ട്. ദുരിതങ്ങളുടുയേയും സങ്കടങ്ങളുടേയും ഭാണ്ഡവുമായി തന്നെ കാണെനത്തുന്നവരുടെ രാഷ്ട്രീയം അദ്ദേഹത്തിന് വിഷയമായില്ല. എഴുത്തുകാരിയും ഇടത് സഹയാത്രികയുമായ കണ്ണൂർ കല്ല്യാശ്ശേരിയിലെ സുശീലാ വേലായുധനും മറിച്ചൊരു അനുഭവമില്ല. സുശീലയുടെ മകന് കേൾവി ശക്തി കിട്ടാൻ നിമിത്തമായത് ഉമ്മൻ ചാണ്ടിയുടെ ഒരേയൊരു ഫോൺ വിളിയാണ്.

Latest Videos

കേൾവിയിലേക്ക് മകനെയെത്തിക്കാൻ ഒരമ്മ നടന്ന വഴികളും അതിൽ കൈപിടിച്ച നേതാവും കേൾക്കേണ്ട കഥയാണ്. 2010ലാണ് സുശീലയുടേയും കുടുംബത്തിന്‍റേയും പ്രതീക്ഷകള്‍ക്ക് നിറം പിടിപ്പിച്ച ആ ഫോണ്‍ കോളെത്തുന്നത്. പല പ്രതിസന്ധികളില്‍ മകൻ സുജിത്തിന്‍റെ ചികിത്സയ്ക്കായി കഷ്ടപ്പെടുകയായിരുന്നു ആ സമയം സുശീല. സുജിത്തിന് കേൾവി കിട്ടാൻ കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ വേണം. പത്ത് ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ്. പി.കരുണാകൻ എംപി വഴി കേന്ദ്രസർക്കാരിന്‍റെ ഒരു ലക്ഷം രൂപ ധനസഹായമായി കിട്ടി. പലതും വിറ്റുപെറുക്കി കുറച്ചുകൂടി തുകയാക്കി. എന്നാലും ചികിത്സയ്ക്കാവശ്യമായ തുക തികയില്ല. 

മകന്‍റെ ചികിത്സയ്ക്കായി ഇനി എന്ത് ചെയ്യുമെന്ന നിരാശയിൽ പണം കണ്ടെത്താനായി പല ശ്രമങ്ങളും നടത്തി സുശീല. ഇതിനിടെയാണ് ആരോ പറയുന്നത്,  ഉമ്മൻ ചാണ്ടിയെ വിളിക്കാൻ. അന്നദ്ദേഹം മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവാണ്. വാർത്തകളിലൂടെ കേട്ടുമാത്രം പരിചയമുള്ളൊരാളെ സുശീല വിളിച്ചു. ആ വിളി ഉമ്മൻ ചാണ്ടി കേട്ടു. അതോടെയാണ് തനിക്കും കുടുംബത്തിനും വീണ്ടും പ്രതീക്ഷയായതെന്ന് സുശീല പറയുന്നു.

ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ സുജിത്തിന് ചികിത്സയ്ക്കാവശ്യമായ പണം സ്വരൂപിക്കാനും കാലതാമസമില്ലാതെ ശസ്ത്രക്രിയ നടത്താനും സുശീലയ്ക്കായി. ഓപ്പറേഷൻ കഴിഞ്ഞ അന്ന് അമേരിക്കയിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ വിളി സുശീലയെ തേടിയെത്തി. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. സർജറിക്ക് ശേഷം ഒരു മാസം കഴിഞ്ഞ് സുജിത്തിന് കേൾവി ശക്തി കിട്ടി. ആദ്യമായി ഫോണിലൂടെ അവൻ കേൾക്കേണ്ടത് ആരുടെ ശബ്ദമെന്ന് അമ്മയ്ക്ക് സംശയമുണ്ടായില്ല. ദൈവദൂതനെ പോലെ തന്നെ സഹായിച്ച കുഞ്ഞൂഞ്ഞിനെ വിളിച്ച് ആ ശബ്ദം കേട്ട് സുജിത്ത് കേള്‍വിയുടെ പുതിയ ലോകത്തേക്കെത്തി.

സഹായമഭ്യർത്ഥിച്ച് എത്തിയ ഫോണ്‍ കോളിൽ അത് ആരെന്നോ എന്തെന്നോ ഉമ്മൻ ചാണ്ടി തെരഞ്ഞില്ല. ആവലാതിയുടെ അടിവേര് തേടിയില്ല. തുടർന്നാണ് സുജിത്തിനെപ്പോലെ നൂറു കണക്കിന് കുഞ്ഞുങ്ങൾക്ക് വേണ്ടി സുശീല ഒരു അപേക്ഷ ഉമ്മൻ ചാണ്ടിക്ക് മുന്നിൽ സമർപ്പിച്ചത്. അങ്ങനെയാണ് ശ്രുതി തരംഗം പദ്ധതി വരുന്നതും നൂറുകളക്കിന് ശബ്ദമില്ലാത്തവർക്ക് സഹായകരമായതും. ശബ്ദങ്ങളിൽ നിന്നകന്ന് ഉമ്മൻ ചാണ്ടി പോകുമ്പോൾ സുജിത്തിന്‍റെ മനസാകെ സങ്കട കടലാണ്, സുശീലയ്ക്കും. 

Read More : 'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഉമ്മൻ ചാണ്ടി സാർ വഴക്കുപറയും, കെട്ടിപ്പിടിച്ചേ വിടൂ' 

'ഞാൻ ഇടതുപക്ഷം, ഉമ്മൻ ചാണ്ടി എന്റെ ജാതി അന്വേഷിച്ചില്ല, മതം അന്വേഷിച്ചില്ല...'

click me!