നൈറ്റ് ഡ്യൂട്ടിക്ക് ആശുപത്രിയിലേക്ക്, വളവ് തിരിഞ്ഞപ്പോൾ റോഡിൽ കാട്ടാന, വയനാട്ടിൽ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. നൈറ്റ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഇവർ ആനയുടെ മുന്നിൽപ്പെട്ടത്.


മേപ്പാടി: വയനാട് മേപ്പാടി പാടിവയലിൽ ആനക്ക് മുൻപിൽ നിന്ന് രക്ഷപ്പെട്ട് സ്കൂട്ടർ യാത്രക്കാരി. വെള്ളിയാഴ്ച വൈകിട്ട് പാടിവയലിലൂടെ പോയപ്പോൾ ആയിരുന്നു ആനയുടെ മുൻപിൽ അകപ്പെട്ടത്. സ്കൂട്ടർ കടന്നുപോയ ശേഷം ആന അടുത്തുള്ള എസ്റ്റേറ്റിലേക്ക് കടന്നു പോവുകയായിരുന്നു.

Latest Videos

നേരത്തെയും പലതവണ പാടിവയലിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ മുർഷിദയാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. നൈറ്റ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഇവർ ആനയുടെ മുന്നിൽപ്പെട്ടത്. യുവതി എത്തിയത് അക്രമാസക്തനായ ആനയുടെ മുന്നിലാവാത്തതാണ് വലിയ അപകടം ഒഴിവാകാൻ സഹായിച്ചത്. ആനയെ കണ്ട് യുവതി സ്കൂട്ടർ വെട്ടിച്ച് റോഡിന്റെ എതിർ വശത്തു കൂടി പോയതും അപകടമൊഴിവാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. തമിഴ്നാട് വാൽപ്പാറ പാതയിലായിരുന്നു ഈ സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത 60 കാരൻ മൈക്കലിനെയാണ് ആന കൊമ്പിൽ കോർത്ത് എറിഞ്ഞത്. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 

click me!