അറിഞ്ഞത് ചില്ലറക്കായി ബാഗ് തുറന്നപ്പോൾ, എഎസ്ഐ സബിത ഇടപെട്ടു; ബസ്സിൽ അഭിഭാഷകയുടെ വള കവർന്ന യുവതി ഉടൻ പിടിയിലായി

By Web Team  |  First Published Nov 29, 2024, 1:05 PM IST

സ്വർണം മാറ്റിവാങ്ങാൻ എറണാകുളത്തേക്ക് പോകാൻ കെഎസ്ആർടിസി ബസിൽ കയറിയ അഷിത, ടിക്കറ്റ് എടുക്കാൻ ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് പണവും വളയും കാണാനില്ലെന്ന് മനസ്സിലായത്. ഉടൻ അതേ ബസ്സിലുണ്ടായിരുന്ന എഎസ്ഐ ഇടപെട്ടു. 


അരൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അഭിഭാഷകയുടെ ബാഗിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച സ്ത്രീയെ പിടികൂടി. അതേ ബസിലെ യാത്രക്കാരിയായ എഎസ്ഐ ആണ് കൈയോടെ പിടികൂടിയത്. തമിഴ്‌നാട് അണ്ണാനഗറിലെ സ്നേഹപ്രിയ (33) യാണ് അറസ്റ്റിലായത്. 

16,000 രൂപയും ഒരു പവന്‍റെ വളയുമാണ് മോഷ്ടിച്ചത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ കോടം തുരുത്ത് ഹരിത ഭവനത്തിൽ അഷിത ഉണ്ണി (31) യുടെ ബാഗിൽ നിന്നാണ് പണവും ആഭരണവും കവർന്നത്. സ്വർണം മാറ്റിവാങ്ങാനായി ചമ്മനാട് ബസ് സ്റ്റോപ്പിൽ നിന്ന് എറണാകുളത്തേക്ക് പോകാനായി കെഎസ്ആർടിസി ബസിൽ കയറിയ അഷിത, ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവും വളയും കവർന്നതായി മനസ്സിലായത്. 

Latest Videos

undefined

ഈ സമയം അരൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സബിത സ്റ്റേഷനിലേക്ക് വരുന്നതിനായി ബസിലുണ്ടായിരുന്നു. യുവതി നോട്ട് ചുരുട്ടി മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട സബിത, ഉടനെ പിടികൂടുകയായിരുന്നു. വളയും പണവും ബസിന്റെ പ്ലാറ്റ്ഫോമിലേക്കിട്ട ശേഷം രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. സബിതയുടെ സമയോചിത ഇടപെടലാണ് പണവും വളയും തിരിച്ചുകിട്ടാൻ കാരണമായത്. 

പിടിയിലായ യുവതി വിവിധ പേരുകൾ പറഞ്ഞു പൊലീസിനെ കുഴക്കിയിരുന്നു. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തെരച്ചിൽ നടത്തിയാണ് ഇവരുടെ വിവരം ശേഖരിച്ചത്. തിരക്കുള്ള ആരാധനാലയങ്ങളിലും ബസ്സുകളിലുമാണ് യുവതി സാധാരണ മോഷണം നടത്തുന്നത്. പാലാ, കണ്ണമാലി സ്റ്റേഷനുകളിൽ കേസുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മോഷണത്തിനായി കേരളത്തിൽ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

വീട്ടുകാർ വിമാനത്താവളത്തിൽ പോയ തക്കംനോക്കി മോഷണം, ആഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റു; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!