ട്രെയിനിൽ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോൾ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത് മെഡിക്കൽ ടെക്നീഷ്യൻ

By Web Team  |  First Published Dec 20, 2024, 9:57 PM IST

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജിമോൾ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണം ഒരുക്കി


പാലക്കാട്/തൃശൂർ: യുവതിക്ക് ട്രെയിനിൽ പ്രസവ വേദന വന്നതോടെ കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. ഡൽഹി സ്വദേശിനിയായ മെർസീന (30) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 

ആലപ്പുഴ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു മെർസീനയും കുടുംബവും. യാത്രാമധ്യേ മെർസീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടർന്ന് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ഒപ്പമുള്ളവർ വിവരം സ്റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്തു. ഇദ്ദേഹം ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടി. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് സംഘം സ്ഥലത്ത് എത്തി യുവതിയെ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. 

Latest Videos

undefined

11 മണിയോടെ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുഭാഷ് കെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജിമോൾ ആർ എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. ആംബുലൻസ് തൃശ്ശൂർ വഴുക്കുംപാറ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജിമോൾ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 

ബുധനാഴ്ച പുലർച്ചെ 12.18ന് വിജിമോളുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ വിജിമോൾ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ആംബുലൻസ് പൈലറ്റ് സുഭാഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

പിടയ്ക്കുന്ന കരിമീൻ, കാളാ‍ഞ്ചി, ചെമ്പല്ലി...; കൂടുകൃഷിയിൽ വിളവെടുത്ത മീനുകൾ ജീവനോടെ സ്വന്തമാക്കാൻ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!