സൂപ്പർമാർക്കറ്റിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ പിന്തുടർന്നു, 3 പവൻ മാല പൊട്ടിച്ചു, പ്രതി പിടിയിൽ

By Web Team  |  First Published Nov 3, 2024, 1:52 PM IST

ബൈക്കിൽ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്, വാഹനം ഓടിച്ചു കൊണ്ട് തന്നെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 


കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പെരുമ്പാവൂർ പൊലീസ് പിടികൂടി. തോപ്പുംപടി സ്വദേശി പാലംപള്ളിപറമ്പിൽ ആന്‍റണി അഭിലാഷ് ആണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് വെങ്ങോല പോഞ്ഞാശ്ശേരി കനാൽബണ്ട് റോഡിൽ വച്ചാണ് സംഭവം. സൂപ്പർമാർക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ വെങ്ങോല കുറ്റിപ്പാടം സ്വദേശിയായ വീട്ടമ്മയുടെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ആന്‍റണി അഭിലാഷ് പൊട്ടിച്ചെടുത്തത്. സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയെ തന്റെ ബൈക്കിൽ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്, വാഹനം ഓടിച്ചു കൊണ്ട് തന്നെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇയാൾ വീട്ടമ്മയുടെ സ്കൂട്ടർ ചവിട്ടി മറിച്ചിട്ട് കടന്ന് കളയുകയും ചെയ്തു. 

Latest Videos

റോഡരികിലെ പുൽപ്പടർപ്പിലേക്ക് വീണതിനാൽ വീട്ടമ്മ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പെരുമ്പാവൂർ പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പറവൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. വീട്ടമ്മയുടെ പൊട്ടിച്ചെടുത്ത സ്വർണ്ണമാലയും പൊലീസ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ആന്‍റണി അഭിലാഷ് രണ്ട് വർഷം മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇയാളെ പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ജ്വല്ലറിയിൽ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് മറ്റൊരു മോഷണത്തിനിടെ പിടിയിൽ; തെളിവെടുപ്പ് നടത്തി

tags
click me!