'കാപ്പിയും കട്‍ലറ്റും പതിവാ, ഷോക്കായിപ്പോയി': 52 വർഷം രുചി വിളമ്പിയ ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ

By Web Team  |  First Published Oct 1, 2024, 8:59 AM IST

"കുട്ടികൾ മസാല ദോശ വേണമെന്നോ കാപ്പി വേണമെന്നോ പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഇവിടെയായിരുന്നു. ഓപ്പണ്‍ കിച്ചണാ. അത്രയും വൃത്തിയുണ്ട്. എല്ലാവർക്കും കാണാം"


കോട്ടയം: 52 വർഷം മുമ്പ് തുടങ്ങിയ ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടി. തൊഴിലാളികളുടെ ക്ഷാമം മൂലമാണ് കുരിശുംമൂട് കവലയിലെ കോഫി ഹൗസ് പ്രവ‍ർത്തനം നിർത്തുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. നിരവധി രാഷ്ട്രീയ സാംസ്കാരിക ചർച്ചകൾക്ക് വേദിയായിട്ടുള്ള കോഫി ഹൗസ് അടയ്ക്കുന്നതിനോട് വൈകാരികമായാണ് ചങ്ങനാശ്ശേരിക്കാരുടെ പ്രതികരണം.

ബീറ്റ്റൂട്ട് ചേർത്ത മസാല ദോശകൾ കൊണ്ട് സൌഹൃദങ്ങൾ ചുട്ടെടുത്ത ഒരിടം. കാപ്പിക്കും കട്‍ലെറ്റിനുമിടയിൽ പിറന്ന് വളർന്ന് തളർന്ന് പിളർന്ന പ്രണയങ്ങൾ. അഞ്ചുവിളക്കിന്‍റെ നാട്ടിലെ ബാല്യ യൌവന വാർദ്ധക്യങ്ങളുടെ അടയാളപ്പെടുത്തലുകളിലുണ്ട് കുരിശുമൂട്ടിലെ ഇന്ത്യൻ കോഫി ഹൌസ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായുള്ള പലരുടെയും പല ശീലങ്ങൾക്കാണ് താഴുവീഴുന്നത്-

Latest Videos

"ദിവസവും വൈകിട്ട് ഒരു കാപ്പിയും കട്‍ലെറ്റും പതിവായിരുന്നു. നിർത്തുകയാണെന്ന് പറഞ്ഞപ്പോൾ ആകെ ഷോക്കായിപ്പോയി. മാനസികമായ പ്രയാസമുണ്ട് നിർത്തുന്നതിൽ"- ഒരു വയോധികൻ പറഞ്ഞു.     

രുചിയുള്ള ഭക്ഷണത്തിനപ്പുറം കോഫി ഹൗസിൽ ആളെ കൂട്ടിയിരുന്ന മറ്റെന്തൊക്കെയോ ഉണ്ട്. വീട്ടിലെ കുട്ടികൾ മസാല ദോശ വേണമെന്നോ കാപ്പി വേണമെന്നോ പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഇവിടെയായിരുന്നു. ഓപ്പണ്‍ കിച്ചണാ. അത്രയും വൃത്തിയുണ്ട്. എല്ലാവർക്കും കാണാം എന്നാണ് മറ്റൊരു പ്രതികരണം. 

രാഷ്ട്രീയ ചർച്ചകൾക്ക്, ത‍ർക്കങ്ങൾക്ക്, ചില വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ ചുവരുകൾ. ആശയപരമായി ഒരു രീതിയിലും യോജിക്കാത്ത ആളുകൾ പോലും ഈ കോഫി ഹൌസിലെത്തി കഴിഞ്ഞാൽ സൌഹൃദം പങ്കിടും, ആശയവിനിമയും നടത്തും. "ചെങ്ങനാശ്ശേരിയിലെ റെസ്റ്റോറന്‍റുകളിൽ മലയാളി ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം ഇതേയുള്ളൂ. ബാക്കി മിക്ക ഹോട്ടലുകളിലും അതിഥി തൊഴിലാളികളാണ് ഭക്ഷണം പാകം ചെയ്യുന്നത്"- എന്നതാണ് മറ്റൊരു സ്ഥിരം സന്ദർശകന്‍റെ പ്രതികരണം.  

പൂട്ടാനുള്ള തീരുമാനം വന്നത് പെട്ടെന്നാണ്. ജീവനക്കാരേയും അത് ഞെട്ടിച്ചു. നഷ്ടത്തിലോടുന്നതല്ല കാരണം. ജീവനക്കാരുടെ ക്ഷാമമാണത്രെ. 12 വർഷമായി പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് നിലവിലെ ജീവനക്കാർ തന്നെ പറയുന്നു.

വിളമ്പുന്ന ഭക്ഷണത്തിന് മേലുള്ള മലയാളിയുടെ വിശ്വാസ്യതയുടെ ബ്രാൻഡ് നെയിമായിരുന്നു ഇന്ത്യൻ കോഫി ഹൌസുകൾ. ഒരു കാലത്ത് തൊഴിലാളികൾക്ക് ജോലി കൊടുക്കാൻ തുടങ്ങിയ സംരംഭം തൊളിലാളികളെ നിയമിക്കാത്തതിനാൽ അടച്ചുപൂട്ടുന്നത് ഖേദകരമാണ്. ഇത്തരം സംവിധാനങ്ങളെ, സംരംഭങ്ങളെ നിലനിർത്തേണ്ടത് കാലഘത്തിന്‍റെ ആവശ്യകതയാണ്.

'കോഫി ഹൗസ് എന്നാൽ വിശ്വാസമാണ്, സങ്കടമുണ്ട്': 59 വർഷം കൊല്ലത്ത് സ്നേഹം വിളമ്പിയ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ 

click me!