മൂന്നാറില്‍ അരിതേടി വീണ്ടും പടയപ്പയെത്തി; ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത് മടങ്ങി

By Web Team  |  First Published Oct 4, 2023, 4:26 PM IST

ജനവാസ മേഖലയില്‍ ഏറെനേരെ തമ്പടിച്ച കൊമ്പന്‍ പുലര്‍ച്ചെയോടെയാണ് കാടുകയറിയത്


ഇടുക്കി: മൂന്നാർ ചെണ്ടുവാരെ എസ്റ്റേറ്റിൽ വീണ്ടും പടയപ്പയെന്ന വിളിപ്പേരുള്ള കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാന എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു. ഇതിനു മുൻവശത്തെ ഗ്രില്ലും കാട്ടാന തകര്‍ത്തിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടത്തിലെത്തിയ പടയപ്പ വ്യാപകമായി കൃഷിയും നശിപ്പിച്ചു. ജനവാസ മേഖലയില്‍ ഏറെനേരെ തമ്പടിച്ച കൊമ്പന്‍ പുലര്‍ച്ചെയോടെയാണ് കാടുകയറിയത്. കഴിഞ്ഞ കുറച്ചു നാളായി  ചെണ്ടുവാര എസ്റ്റേറ്റിന് സമീപമുള്ള കാട്ടിലാണ് പടയപ്പയുള്ളത്. ഇത്തവണയും പടയപ്പ അരിക്കട തേടിയാണ് എത്തിയതെന്നാണ് നാട്ടുകാര്‍ കരുതുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ സൈലന്‍റ് വാലി എസ്റ്റേറ്റില്‍ പടയപ്പയെത്തി റേഷന്‍ കട തകര്‍ത്തിരുന്നു. സൈലൻറ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിലാണ് പടയപ്പ എത്തിയത്. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കാടുകടന്ന് കടയുടെ പിൻഭാഗത്ത് എത്തുകയായിരുന്നു. അരി കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിലാണ് പൊളിച്ചത്. മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ എത്തിയ പടയപ്പ തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം അകത്താക്കിയാണ് മടങ്ങുന്നത്. എന്നാല്‍ കാട്ടാന അക്രമകാരി അല്ലെന്നും മറിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും കൃഷി അടക്കം നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളിയുടെ ആവശ്യപ്പെടുന്നത്. 

Latest Videos

undefined

ഇതിനുമുമ്പ് ലോക്കാട് എസ്റ്റേറ്റിലും പടയപ്പ അരിക്കട തേടിയെത്തിയിരുന്നു. കട തകർത്ത് മൂന്ന് ചാക്ക് അരി അകത്താക്കിയാണ് കാട്ടാന മടങ്ങിയത്. പാമ്പന്‍മല ഭാഗത്തെ വിളയാട്ടത്തിന് പിന്നാലെ തിരികെ മൂന്നാര്‍ ഭാഗത്തേക്ക് നടന്ന് തുടങ്ങിയ പടയപ്പ നേരത്തെ പ്രധാന പാതകളില്‍ എത്തി ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു.  മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാന്‍ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.  മറയൂരിന് സമീപം ജനവാസ മേഖലയില്‍ ഒന്നര മാസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്.

click me!