
ചാലിഗദ്ദ: കാട്ടാനയെ തടയാൻ വയനാട് ചാലിഗദ്ദയില്‍ വനംവകുപ്പ് നിർമിച്ച റോപ്പ് ഫെൻസിങ് ഉദ്ഘാടനത്തിന് മുന്‍പേ കാട്ടാന തകർത്തു. അജീഷെന്നയാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മേഖലയില്‍ നിർമിച്ച വേലി ആണ് നിർമാണം പൂർത്തികരിച്ച് ഒരാഴ്ചക്കുള്ളിൽ തകർന്നത്. സംഭവത്തില്‍ എൻഐടി സംഘത്തെ എത്തിച്ച് വീണ്ടും വേലി പരിശോധിപ്പിക്കാനാണ് വനംവകുപ്പ് തീരുമാനം. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷനാണ് വേലിയുടെ നിർമാണം
മൂന്നര കോടി മുടക്കിയാണ് പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ വനാതിര്‍ത്തിയോട് ചേർന്ന് റോപ്പ് ഫെൻസിങ് നിർമിച്ചത്. തുർച്ചയായ വന്യജീവി ആക്രമണങ്ങളില്‍ നിന്ന് രക്ഷയാകുമെന്ന് കരുതിയ നാട്ടുകാരുടെ ശ്വാസം നേരെ വീഴും മുൻപേ കാട്ടാന വേലി തകർത്തു. പന്ത്രണ്ട് മീറ്ററോളം വേലിയാണ് ആന തകർത്തത്. കൃഷിയിടത്തില്‍ കയറി ആന വിളകളും നശിപ്പിച്ചു. നാല് കിലോ മീറ്ററോളം നീളമുള്ള റോപ്പ് ഫെൻസിങ് നിർമാണത്തില്‍ അപാകതയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം നടത്തിയത് കോഴിക്കോട് എൻഎൈടിയാണ് റോപ്പ് ഫെൻസിങ് രൂപകല്‍പ്പന ചെയതത്. കിഫ്ബിയുടെ എഞ്ചിനീയർമാരും മേല്‍നോട്ടം വഹിച്ചിരുന്നു.
എന്നാല്‍ വേലിക്കായുള്ള ഇരുന്പ് റോപ്പ് വലിച്ച് കെട്ടിയിരിക്കുന്നതില്‍ പോലും വേണ്ടത്ര ഉറപ്പില്ലെന്ന അഭിപ്രായം വനംവകുപ്പിലുണ്ട്. കുറഞ്ഞത് നാല് ക്ലാന്പോ അതില്‍ കൂടുതലോ വേണ്ടിടത്ത് വെറും രണ്ട് ക്ലാന്പ് മാത്രം വെച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. റോപ്പിന്‍റെ വലുപ്പത്തിലും കാര്യമായ ബലം ക്രാഷ് ഗാർഡുകള്‍ക്ക് ഉണ്ടോയെന്നതിലും ആശങ്കയുണ്ട്. കാട്ടാന തകർത്ത വേലിയുടെ ഭാഗം പുനർ നിര്‍മിച്ചിട്ടുണ്ട്. സാങ്കേതിക സൂപ്പർവിഷൻ, ഗുണനിലവാരം ഉറപ്പിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവർത്തികള്‍ക്കുമുള്ള ഉത്തരവാദിത്വം പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷനാണ്. അതേസമയം ഫെൻസിങ് നിർമാണത്തിന്‍റെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വന്യമൃഗശല്യ പ്രതിരോധ ആക്ഷൻകമ്മിറ്റി വനം മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam