അരിക്കൊമ്പനെത്തുന്ന റേഷൻകട, ഇത്തവണ ചക്കകൊമ്പൻ; കൊടിമരം ചവിട്ടി ഫെൻസിങ് താഴെയിട്ടു, 4 ചാക്ക് അരി നശിപ്പിച്ചു

By Web Team  |  First Published Mar 12, 2024, 9:55 AM IST

റേഷൻ കടയോട് ചേർന്നുള്ള ക്ഷേത്രത്തിലെ കൊടിമരം ഫെൻസിങ്ങിലേക്ക് ചവിട്ടിവീഴ്ത്തി ഫെൻസിങ് തകർത്താണ് ആന അകത്ത് കയറിയത്.


ഇടുക്കി: ഇടുക്കിൽ തീരാ തലവേദനയായി വന്യജീവികളുടെ ആക്രമണം. ഒരിടവേളയ്ക്ക് ശേഷം പന്നിയാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷൻകട പൊളിച്ചത്.  ഫെൻസിങ് തകർത്ത് അകത്തു കയറിയ ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ചക്കകൊമ്പൻ റേഷൻ കട ആക്രമിച്ചത്.  

രാവിലെ എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് റേഷൻ കട ആക്രമിച്ചത് കാണുന്നത്. തുടർന്ന് വിവരം കടയുടമയേയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്. പന്ത്രണ്ട് തവണയോളമാണ് അരിക്കിമ്പൻ പന്നിയാറിലെ റേഷൻകട ആക്രമിച്ചത്. അരിക്കൊമ്പന്‍റെ ആക്രമണം പതിവായതോടെ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നിരുന്നു. ഇതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റിയത്. പിന്നീട് ഹാരിസൺ മലയാളം കമ്പിനിയാണ്  റേഷൻ കട പുതുക്കി പണിതത്.

Latest Videos

undefined

വനംവകുപ്പ് റേഷൻകടയ്ക്ക് ചുറ്റും ഫെൻസിങ് സ്ഥാപിക്കുകയും ചെയ്തിരുന്നു. റേഷൻ വിതരണവും സഗമമായി നടക്കുകയായിരുന്നു. ഇതിനിടെയിലാണ് ചക്ക കൊമ്പന്‍റെ ആക്രമണം.  റേഷൻ കടയോട് ചേർന്നുള്ള ക്ഷേത്രത്തിലെ കൊടിമരം ഫെൻസിങ്ങിലേക്ക് ചവിട്ടിവീഴ്ത്തി ഫെൻസിങ് തകർത്താണ് ആന അകത്ത് കയറിയത്. കടയുടെ ചുമർ തകർത്ത ശേഷം നാല് ചാക്കളം അരി വലിച്ച് പുറത്തിടുകയും രണ്ട് ചാക്ക് അരി തിന്നുകയും ചെയ്തിട്ടുണ്ട്. അരിക്കൊമ്പൻ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാ​ഗത്ത് ഉണ്ടായിരുന്നില്ല.  എന്നാൽ ഇപ്പോൾ ചക്ക കൊമ്പനെ കൊണ്ട് പൊറുതി മുട്ടിയെന്ന് നാട്ടുകാർ പറയുന്നു. ചക്ക കൊമ്പൻ മദപ്പാടിലായതിനാലാണ് ആക്രമണം കൂടിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Read More :  ധൻബാദ് എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്മെന്‍റിൽ വലിയ ഒരു ബിഗ്ഷോപ്പർ, അകത്ത് 5 പാക്കറ്റിലായി 10 കിലോ കഞ്ചാവ്!

click me!