വനപ്രദേശങ്ങളില്‍ കൂട്ടത്തോടെ മേഞ്ഞ് വേനല്‍ക്കാലത്ത് പോലും പച്ചപ്പുല്ല് ഭക്ഷിക്കുന്നതിനാല്‍ മാന്‍, ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് തീറ്റ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞദിവസം ബത്തേരി ഐ.ബിയില്‍ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാലിമേയ്ക്കല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.
സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, വാണിജ്യ ആവശ്യം ലക്ഷ്യമിട്ട് വയനാടന്‍ വനമേഖലയില്‍ കൂട്ടത്തോടെ വളര്‍ത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയുന്നതിന് വനംവകുപ്പ് തയ്യാറെടുക്കുന്നു. ഇറച്ചി ആവശ്യം ലക്ഷ്യമിട്ട് പോത്തുകളെയും കാളകളെയും കൂട്ടത്തോടെ വളര്‍ത്തുന്നവര്‍ ഇവയുടെ പരിപാലനം ഏല്‍പ്പിച്ചിരിക്കുന്നത് ആദിവാസികള്‍ അടക്കമുള്ള നിര്‍ധനരെയാണ്. എന്നാല്‍ മേയ്ക്കുന്നതിന് കൂലി മാത്രം നല്‍കി വന്‍ലാഭമാണ് കച്ചവടക്കാര്‍ ഉണ്ടാക്കുന്നത്. വനപ്രദേശങ്ങളില്‍ കൂട്ടത്തോടെ മേഞ്ഞ് വേനല്‍ക്കാലത്ത് പോലും പച്ചപ്പുല്ല് ഭക്ഷിക്കുന്നതിനാല്‍ മാന്‍, ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് തീറ്റ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞദിവസം ബത്തേരി ഐ.ബിയില്‍ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാലിമേയ്ക്കല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.
വയനാട് വന്യജീവി സങ്കേതത്തില്‍ മേയുന്ന വാണിജ്യ ആവശ്യങ്ങള്‍ക്ക് എത്തിച്ച കാലികളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ 'ജിയോ ടാഗിങ്' എന്ന സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ ആണ് തീരുമാനം. സങ്കേതത്തില്‍ മേയുന്ന കാലികളില്‍ ഭൂരിഭാഗത്തിന്റെയും ഉടമകള്‍ പുറമേ നിന്നുള്ളവരാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ കന്നുകാലികള്‍ക്കും ജിയോ ടാഗിങ് നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന കാര്യം മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വനത്തിലെ സെറ്റില്‍മെന്റുകളിലും വനാതിര്‍ത്തികളിലുമുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തം ഉടമസ്ഥതയിലല്ലാത്ത കന്നുകാലികളെ വളര്‍ത്തുന്നതും കാട്ടിനുള്ളില്‍ മേയാന്‍ വിടുന്നതും തടയാന്‍ നിര്‍ദേശം നല്‍കുമെന്ന് പട്ടികവര്‍ഗ വകുപ്പ് അധികൃതരും പറഞ്ഞു. ഇതര ജില്ലകളില്‍ നിന്നുള്ളവരടക്കം തദ്ദേശവാസികള്‍ക്ക് കാലികളെ മേയ്ക്കുന്നതിനായി കൈമാറി വന്‍തുക ലാഭമുണ്ടാക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു.
അതേ സമയം മുഴുവന്‍ കാലികളെയും നിയന്ത്രിക്കുമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വനമേഖലയോട് ചേര്‍ന്ന് കാലികളെ ഉപജീവനമാര്‍ഗ്ഗമാക്കി ജീവിക്കുന്ന കര്‍ഷകര്‍ ആശങ്കയിലായിരുന്നു. പലയിടത്തും വനംവകുപ്പിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധമുണ്ട്. എന്നാല്‍ തദ്ദേശീയരായ കര്‍ഷകരുടെ കാലികളെ നിയന്ത്രിക്കുമെന്ന കാര്യത്തില്‍ വനംവകുപ്പ് തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. സസ്യഭുക്കുകളായ ആനയും കാട്ടുപോത്തും വനത്തില്‍ തീറ്റയില്ലാതായതോടെ നിരന്തരം ജനവാസ മേഖലകളിലേക്ക് എത്തുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. ഓരോ വര്‍ഷവും പുറത്തെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുകയുമാണ്. മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കാലികളില്‍ കുളമ്പുരോഗം അടക്കമുള്ള പല തരം രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരത്തില്‍ രോഗമുള്ള കാലികള്‍ കാട്ടില്‍ മേയുമ്പോള്‍ ഇവയില്‍ നിന്ന് രോഗം വന്യമൃഗങ്ങളിലേക്കും പകരാം. ഇതെല്ലാം തടയുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. ഇനിമുതല്‍ വനത്തില്‍ കൂട്ടത്തോടെ കാണുന്ന കാലികളെ പിടികൂടി പുറത്തെത്തിച്ച് ഉടമകളെ വിളിച്ചു വരുത്തി പിഴത്തുക വാങ്ങി കൈമാറാനാണ് നീക്കം. ഉടമകളെത്തിയില്ലെങ്കില്‍ കാലികളെ ലേലം ചെയ്തു വില്‍ക്കുമെന്നും അധികൃതര്‍ പറയുന്നു.
Read Also: ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു; ജാർഖണ്ഡ് സ്വദേശി പിടിയിൽ