എസ് രാജേന്ദ്രനെതിരായ നടപടി? സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

By Web Team  |  First Published Jan 2, 2022, 7:34 AM IST

എംഎൽഎ എസ് രാജേന്ദ്രനെതിരായ നടപടി തന്നെയാകും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിലെ ഏറ്റവും വലിയ ചര്‍ച്ച വിഷയം


സിപിഎം (CPIM) ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയിൽ തുടക്കമാകും. തെരഞ്ഞെടുപ്പിൽ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയ എസ്.രാജേന്ദ്രന്റെ (S Rajendran) ഭാവി തന്നെയാണ് സമ്മേളനത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ഭൂപ്രശ്നങ്ങളിലും മുല്ലപ്പെരിയാര്‍ (Mullaperiyar Dam) വിഷയത്തിലും ചൂടേറിയ ചര്‍ച്ചയുണ്ടാകും.

സംഘടനാപരമായും പാര്‍‍ലമെന്ററിരംഗത്തും ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നിലയിലാണ് ഇടുക്കി സിപിഎം. ഒരിക്കലും ഇളകാത്ത യുഡിഎഫ് കോട്ടകൾ പോലും തകര്‍ത്തുള്ള തദ്ദേശ തെര‍ഞ്ഞെടുപ്പ് ജയം. ജില്ലയിലെ അഞ്ചിൽ നാല് സീറ്റും നേടിയ നിയസഭാതെര‍ഞ്ഞെടുപ്പ്. ഇതിലെല്ലാം മുന്നിൽ നിന്ന് നയിച്ച കെ.കെ.ജയചന്ദ്രൻ ഒരിക്കൽ കൂടി അമരത്തേക്ക് വരുമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയാൽ മാത്രമേ മറ്റ് പേരുകളിലേ പോകൂ. മൂന്നാറിൽ നിന്നുള്ള കെ.വി.ശശി, സി.വി.വര്‍ഗീസ്,ജില്ലാ പഞ്ചായത്തംഗം കൂടിയായ വി.എൻ മോഹനൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. 

Latest Videos

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിലെ ഏറ്റവും വലിയ ചര്‍ച്ച വിഷയം ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരായ നടപടി തന്നെ. തെരഞ്ഞെടുപ്പിൽ സ്വന്തം പാര്‍ട്ടിക്കാരനെ തോൽപ്പിക്കാൻ ശ്രമിച്ച രാജേന്ദ്രനെ പുറത്തോക്കുമോ, അതോ നടപടി സസ്പെൻഷനിൽ ഒതുങ്ങുമോ എന്ന് കണ്ടറിയണം. ബ്രാഞ്ച് ഏരിയ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന് രാജേന്ദ്രൻ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നതിലും കൗതുകം

തുടര്‍ഭരണം കിട്ടിയിട്ടും ഭൂപതിവ് ചട്ടഭേഗതിയില്ലാത്തതിന് കാരണം റവന്യുവകുപ്പും സിപിഐയുമെന്ന വിമര്‍ശനം ഏരിയ സമ്മേളനങ്ങളിൽ ഉയര്‍ന്നിരുന്നു. അതിവിടെയും തുടരാതെ തരമില്ല. ജനങ്ങളെ ആശങ്കയിലാക്കിയ മുല്ലപ്പെരിയാര്‍ തുറക്കലും മരംമുറി ഉത്തരവും സര്‍ക്കാരിനെതിരെ വിമര്‍ശനമായി ഉയരും. അഞ്ചിന് വൈകീട്ട് കുമളി ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനത്തിന് സമാപനമാവുക.

click me!