ആഷിഖ് ഖാനുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയായ തൗഫീഖിനെ കുറിച്ചറിയുന്നത്. എന്നാൽ എവിടെയാണ് താമസിക്കുന്നതെന്നോ മറ്റുവിവരങ്ങളോ പൊലീസിന് ലഭിച്ചില്ല. അതിനിടെ കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിൽ ബംഗാളിലെ ഡാർജിലിങ് സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ വർദ്ദമാൻ ജില്ലക്കാരനായ തൗഫീഖ് എന്ന ശങ്കറിനെയാണ് ടൗൺ ഇൻസ്പക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം മാഹി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. റെയിൽവേ സ്‌റ്റേഷൻ ലിങ്ക് റോഡിൽ എം.സി.സി ബാങ്ക് ജങ്ഷന് സമീപത്തുള്ള കടവരാന്തയിലായിരുന്നു 65 വയസ് തോന്നിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിൻകഴുത്തിനും ചെവിയ്ക്കുമിടയിൽ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി. എന്നാൽ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കോവിഡ് കാലത്ത് റോഡിൽ കഴിഞ്ഞവരെ താമസിപ്പിച്ചിരുന്ന ഉദയം പുനരധിവാസ കേന്ദ്രത്തിൽ ഫോട്ടോ സഹിതം അന്വേഷിച്ചതോടെ ഡാർജിലിങ് സ്വദേശിയായ ആഷിഖ് ഖാൻ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ആഷിഖ് ഖാനുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയായ തൗഫീഖിനെ കുറിച്ചറിയുന്നത്. എന്നാൽ എവിടെയാണ് താമസിക്കുന്നതെന്നോ മറ്റുവിവരങ്ങളോ പൊലീസിന് ലഭിച്ചില്ല. അതിനിടെ കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ നിന്ന് തൗഫീഖിനെ പൊലീസ് തിരിച്ചറിയുകയും ചെയ്തു. ആഷിഖ് ഖാനും തൗഫീഖും തമ്മിൽ വാക്കു തർക്കമുണ്ടായതായി ചിലർ മൊഴിയും നൽകിയിരുന്നു. തൗഫീഖ് എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു വരുന്നതിനിടെയാണ് മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.
മാഹിയിൽ നിന്ന് തൗഫീഖ് സ്ഥിരമായി മദ്യം കോഴിക്കോടേക്ക് കൊണ്ടുവന്ന് വിൽപന നടത്താറുണ്ടായിരുന്നു. ഇങ്ങനെ കൊണ്ടുവന്ന മദ്യം എടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മരിച്ചത് ആഷിഖ്ഖാൻ തന്നെയാണെന്ന് തിരിച്ചറിയുന്ന ഔദ്യോഗിക രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. ടൗൺ അസി.കമ്മിഷണർ ടി. അഷ്‌റഫിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
Read More : രഹസ്യ വിവരം, ആൾതാമസമില്ലാത്ത വീട് വളഞ്ഞു, പൂട്ട് തകർത്തു; പ്ലാസ്റ്റിക് ചാക്കിൽ കോടികളുടെ കഞ്ചാവ്!