മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാരെ വധുവിൻ്റെ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് മർദ്ദിച്ചു; പൊലീസ് കേസ്

By Web Team  |  First Published Sep 17, 2024, 9:08 PM IST

എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാരും ബന്ധുക്കളും തമ്മിൽ താമസ സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു


ഇടുക്കി: മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് പരാതി. എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. 

തിങ്കളാഴ്ച മാങ്കുളത്ത് നടന്ന വിവാഹത്തിൻറെ ആൽബം ചിത്രീകരിക്കാൻ വന്ന മൂവാറ്റുപുഴ പാലക്കുഴ സ്വദേശികളായ ജെറിൻ, നിതിൻ എന്നിവർക്കാണ് മർദനമേറ്റത്.വിവാഹ തലേന്ന് ഇവർക്ക് ഹോട്ടലിൽ മുറി നൽകിയിരുന്നു. എന്നാൽ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ മറ്റു ചിലർ ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് പരാതി.

Latest Videos

വിവാഹ ഫോട്ടോകൾ പകർത്തിയശേഷം മടങ്ങുകയായിരുന്ന ഇവരെ പിന്തുടർന്നെത്തിയ വധുവിന്റെ ബന്ധുവും സുഹൃത്തും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ജെറിൻ്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. മൂക്കിൻറെ പാലമുൾപ്പെടെ തകർന്ന യുവാക്കൾ ചികിത്സയിലാണ്. അതേസമയം ഇവർ വധുവിന്റെ ബന്ധുക്കളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് മറുഭാഗത്തിൻ്റെ വാദം. ഈ പരാതിയിലും വധുവിന്റെ ഉൾപ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!