മാസ്കും കൈയുറയും ധരിച്ച് ആര്‍ക്കും സംശയം തോന്നാതെ ആശുപത്രിയിൽ കറക്കം; കാര്യമറിഞ്ഞത് 65-കാരിയുടെ പണം പോയപ്പോൾ

By Web Team  |  First Published Sep 21, 2024, 3:59 PM IST

കോന്നിയിലുള്ള ബിലിവേഴ്സ് ഹോസ്പിറ്റലിൽ നിന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചികിത്സയ്ക്കെത്തിയ പയ്യനാമൺ സ്വദേശിനി 65 വയസുകാരി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപയാണ് പ്രതി മോഷ്ടിച്ച് കടന്നത്


പത്തനംതിട്ട: ആശുപത്രികളിൽ കറങ്ങിനടന്ന് രോഗികളുടെ പണം മോഷ്ടിക്കുന്ന സ്ത്രീ കോന്നി പൊലീസിൻറെ പിടിയിൽ. ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. കോന്നിയിലുള്ള ബിലിവേഴ്സ് ഹോസ്പിറ്റലിൽ നിന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചികിത്സയ്ക്കെത്തിയ പയ്യനാമൺ സ്വദേശിനി 65 വയസുകാരി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപയാണ് പ്രതി മോഷ്ടിച്ച് കടന്നത്.

അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ഇവര്‍ ബിലീവേഴ്സ് ഹോസ്പിറ്റലിൽ എത്തിയത്. ആദ്യം ആശുപത്രിയിലെ വിവിധ നിലകളിൽ കറങ്ങി നടന്നു. പിന്നെ റൂമുകളിൽ കയറി പരിശോധന നടത്തുകയും ചെയ്തു. ഉത്രാട ദിനത്തിൽ ആശുപത്രിയിൽ ആളുകളും കുറവായിരുന്നതിനാലാകണം, ആര്‍ക്കും സംശയം തോന്നിയില്ല. തുടർന്ന് ഡയാലിസിസ് യൂണിറ്റ് സമീപത്തിരുന്ന പ്രായമായ സ്ത്രീയുടെ ബാഗിൽ നിന്നും പ്രതി പണം മോഷ്ടിക്കുകയായിരുന്നു.

Latest Videos

undefined

കോന്നി പൊലീസ് മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും ആശുപത്രിയിലെ സിസിടിവികളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവികളിൽ മുഖം വരാതിരിക്കാനായി മാസ്ക് ധരിച്ചും കൈയുറ ധരിച്ചുമാണ് പ്രതി മോഷണത്തിന് എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മോഷണത്തിനായി വന്ന വാഹനം കണ്ടെത്തുവാൻ സാധിച്ചിട്ടുള്ളതും തുടർന്ന് പ്രതിയായ കോഴഞ്ചേരി താലൂക്കിൽ ആറന്മുളയിൽ പുതുവേലിൽ വീട്ടിൽ 41 വയസുള്ള ബിന്ദു രാജിനെ ഇന്നലെ പത്തനംതിട്ട യുള്ള വാടക വീട്ടിൽ നിന്നും കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. 

ബിന്ദു രാജിന് ആറന്മുള, തിരുവല്ല, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണ കേസുകൾ നിലവിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളിൽ നിന്നും പണം മോഷ്ടിക്കുക എന്നുള്ളതാണ് പ്രതിയുടെ മോഷണ രീതി. പ്രതിയിൽ നിന്നും മോഷണ വസ്തുക്കളും മോഷണത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തു.

അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (II) മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഡിവൈഎസ്പി രാജപ്പൻ റാവുത്തർ സി ഐ ശ്രീജിത്ത് പി എസ് ഐ വിമൽ രംഗനാഥൻ സിപിഒ മാരായ റോയി, പ്രമോദ്, അരുൺ, ജോസൺ, ഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പാലക്കാട് വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് തീയിട്ടു, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!