എംഎ മുഹമ്മദ് ജമാല്‍ അന്തരിച്ചു; വിട വാങ്ങിയത് വയനാടിന്‍റെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ മുഖ്യപങ്കുവഹിച്ച നേതാവ്

By Web Team  |  First Published Dec 21, 2023, 1:08 PM IST

ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നാലുമണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ പൊതുദര്‍ശനം.വൈകിട്ട് 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും


കല്‍പ്പറ്റ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു.ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.ജില്ലയിലെ നാൽപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നാലുമണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ ജനാസ പൊതുദര്‍ശനത്തിനായി സൗകര്യമൊരുക്കും.വൈകുന്നേരം ആറിന് സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.

1940 ജനുവരി 19ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ ജനിച്ച ജമാല്‍ മുഹമ്മദ് അബ്ദുറഹീം-ഖദീജ ദമ്പതികളുടെ മകനാണ്. ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ല്‍ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യു.എം.ഒ സ്ഥാപിച്ചത് മുതല്‍ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതല്‍ മരണം വരെ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു.എം.ഒക്ക് കീഴില്‍ ഇന്ന് വയനാട് ജില്ലയില്‍ 35 സ്ഥാപനങ്ങളുണ്ട്. ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകര്‍ന്നാണ് ജമാല്‍ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യു.എം.ഒക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു. തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സേവനം നല്‍കി. 2005 മുതല്‍ ഡബ്ല്യു.എം.ഒയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദര്‍ശിയാണ്.

Latest Videos

undefined

മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 30 വര്‍ഷമായി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവര്‍ത്തകനായും ജമാല്‍ മുഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ പുനത്തില്‍. മക്കള്‍ അഷ്റഫ്, ജംഹര്‍, ഫൗസിയ, ആയിശ.

വന്യജീവി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം; പുലിയാണെന്ന് നാട്ടുകാർ, റോഡ് ഉപരോധിച്ചു

 

click me!