കുടിവെള്ള പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്ന പുഴകളിലെ ജലനിരപ്പ് കുറഞ്ഞതും കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റിയതുമാണ് കുടിവെള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി കുടിവെള്ള പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്ന പുഴകളിലെ ജലനിരപ്പ് കുറഞ്ഞതും കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റിയതുമാണ് കുടിവെള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നത്. കുടിവെള്ള പദ്ധതികളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ദിവസങ്ങളായി കടുത്ത ദുരിതം അനുഭവിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമേ ഇത് തികയുന്നുള്ളൂവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുഴയില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന തടയണകള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പനമ്പിലാവ് പുഴയിലെ അനധികൃത തടയണകള്‍ പൊളിച്ചു മാറ്റിയത്.
കൃഷി ആവശ്യങ്ങള്‍ക്കും ഫാമുകളിലേക്കുമുള്ള ജലം ഉപയോഗത്തിനായി പുഴകളില്‍ കെട്ടിയ തടയണകളാണ് പൊളിച്ചു മാറ്റിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൃഷി ആവശ്യത്തിനും മറ്റും വലിയ പൈപ്പുകള്‍ ഉപയോഗിച്ച് പുഴകളില്‍ നിന്നും ജലം എടുക്കരുതെന്ന് കാണിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിനോട് അതിര്‍ത്തി പങ്കിടുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഉത്തരവ് ഇറക്കിയിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലും ഇത്തരത്തില്‍ ഉത്തരവിറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം