കാരക്കോടന്‍ പുഴയില്‍ മാലിന്യം; വഴിക്കടവില്‍  കോളറ സ്ഥിരീകരിച്ചത് 12 പേര്‍ക്ക്, 35 പേര്‍ നിരീക്ഷണത്തില്‍

By Web Team  |  First Published Mar 9, 2023, 2:33 AM IST

കാരക്കോടന്‍ പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും പുഴയില്‍ നിന്നും കൃഷിയിടത്തിലേക്കുള്ള ജലസേചനവും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്. പുഴയുടെ സമീപ കടകളില്‍ നിന്നുള്ള പാനിയങ്ങള്‍, ഐസ് ക്രീം, ഭക്ഷണം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം


മലപ്പുറം: വഴിക്കടവില്‍ കോളറ പടരുന്നു. ഇന്നലെ രണ്ട്  പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാള്‍ക്ക് കോളറ രോഗം സംശയിക്കുന്നുണ്ട്. സമാനരോഗ ലക്ഷണം കാണിച്ച രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം കോളറ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 

അഡീഷണല്‍ പബ്ലിക് ഹെല്‍ത് ഡയരക്ടര്‍ ഡോ സക്കീനയുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ സംഘം വഴിക്കടവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത ഒരാഴ്ച നിര്‍ണായകമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ഡോ സക്കീന മുന്നറിയിപ്പ് നല്‍കി. കാരക്കോടന്‍ പുഴയിലെ വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. കാരക്കോടന്‍ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന വാര്‍ഡുകളിലാണ് കോളറ ലക്ഷണം പടരുന്നത്.

Latest Videos

പുഴയിലെ  വെള്ളം പരിശോധനക്കായി എടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തത വരുത്താനാവൂയെന്ന് ഡോ സക്കീന പ്രതികരിച്ചത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ പരിഹാരം കാണണം. കാരക്കോടന്‍ പുഴയിലേക്ക് മലിന ജലം ഒഴുകുന്നത് തടയാന്‍ സ്ഥിരം സംവിധാനം ഒരുക്കണം. കൂടുതല്‍ മാലിന്യം  ഒഴുകുന്ന ഭാഗം അടിയന്തരമായി തടയണമെന്നും സംഘം നിര്‍ദ്ദേശിച്ചു. ജലനിധി കിണര്‍ ശുദ്ധീകരിക്കുകയും ആരോഗ്യ വകുപ്പിന്റെ നിയമ പ്രകാരമുള്ള ക്ലോറിനേഷന്‍ നടത്തുകയും എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യുന്നതിന് മുമ്പ് ക്ലോറിന്റെ അളവ് പരിശോധിക്കുകയും വേണം. അതിനായി ഒരു മോണിറ്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. ശുദ്ധമായ വെള്ളം ലഭ്യമാക്കി പ്രദേശ വാസികളുടെയും വ്യാപാരികളുടെയും പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും ഡോ സക്കീന വ്യക്തമാക്കി.  

പുഴയോട് ചേര്‍ന്നുള്ള വഴിക്കടവ് ടൗണിലെ ജലനിധിയുടെ കിണറില്‍ നിന്നുള്ള പമ്പിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ജലനിധി ഉപയോഗിച്ചിരുന്ന ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് വാട്ടര്‍ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ടാങ്കര്‍ വഴി  കുടിവെള്ളം എത്തിക്കും.  രോഗം സ്ഥിരീകരിക്കപ്പെട്ട  പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളും സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്തു. മൂന്ന് ദിവസത്തെ ഇടവേളകളില്‍ കിണറുകളിലെ ക്ലോറിനേഷന്‍ തുടരും. ഇതിനായി 20 അംഗ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വഴിക്കടവ് ടൗണിലെയും പരിസരങ്ങളിലെയും മുഴുവന്‍ ഭക്ഷ്യ കടകളിലും  പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. 

കാരക്കോടന്‍ പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും പുഴയില്‍ നിന്നും കൃഷിയിടത്തിലേക്കുള്ള ജലസേചനവും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്. പുഴയുടെ സമീപ കടകളില്‍ നിന്നുള്ള പാനിയങ്ങള്‍, ഐസ് ക്രീം, ഭക്ഷണം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമെ ഉപയോഗിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനകാര്‍, ആശ പ്രവര്‍ത്തകര്‍, റവന്യൂ, പൊലീസ്, ഭക്ഷ്യസുരക്ഷ വിഭാഗം എന്നിവരുടെ സംയുക്ത  സംഘമാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രോഗത്തിനെതിരെയുള്ള ജാഗ്രത പാലിക്കാന്‍ പഞ്ചായത്തില്‍ മൈക്ക് പ്രചരണം നടത്തുന്നുണ്ട്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി 14 പേർ ചികിത്സ തേടി: ജാഗ്രതാ നിർദ്ദേശം

click me!