വയനാട്ടിൽ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം, പത്ത് പേര്‍ക്ക് പരിക്ക്; പന്നിയുടെ ആക്രമണവും ഉണ്ടായി

By Web Team  |  First Published Feb 28, 2023, 3:54 AM IST

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കടന്നലുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വളാഞ്ചേരിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍, സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കെത്തിയവര്‍, വാഹന യാത്രികര്‍ എന്നിവര്‍ക്ക്  നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. 


കല്‍പ്പറ്റ: പനമരത്തിനടുത്ത കേണിച്ചിറ വളാഞ്ചേരിയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി എളമ്പാശ്ശേരി വര്‍ഗ്ഗീസ് (75), അയ്യമ്മേലിയില്‍ ബെന്നി (51), അയ്യമ്മേലിയില്‍ ജിജോ ജോണി (35) വളാഞ്ചേരി കയ്യേറ്റഭൂമി കോളനിയിലെ അജിയുടെ മകള്‍ അഭിജിത്ത് (10) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കടന്നലുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വളാഞ്ചേരിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍, സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കെത്തിയവര്‍, വാഹന യാത്രികര്‍ എന്നിവര്‍ക്ക്  നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. സമീപത്തില്‍ വനപ്രദേശത്ത് എവിടെയോ ഉള്ള കൂട് പരുന്ത് മറ്റോ തട്ടിയതിനാലാകാം കടന്നലുകള്‍ കൂട്ടത്തോടെ സമീപത്തെ അങ്ങാടിയിലേക്ക് എത്തിയതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പൊടുന്നനെയായിരുന്നു ജനങ്ങള്‍ കൂട്ടമായി നിന്നിടത്തേക്ക് കടന്നലുകള്‍ എത്തിയത്. പലരും ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പിന്നാലെ പാറി ആക്രമിക്കുകയായിരുന്നു. ആക്രമണസമയത്ത് ഈ വഴി കടന്നുപോയ ബൈക്ക് യാത്രികരെയും കടന്നലുകള്‍ വെറുതെ വിട്ടില്ല. കുത്തേറ്റതോടെ പലരും വാഹനം ഉപേക്ഷിച്ച് സമീപത്തെ കെട്ടിടത്തിലേക്ക് ഓടി മാറുകയായിരുന്നു. വളാഞ്ചേരി മേഖല വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണ്. പന്നി, ആന, ചെന്നായ, മാന്‍, മയില്‍, കടുവ തുടങ്ങി വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കവെയാണ്  കടന്നല്‍ ആക്രമണം കൂടി ഉണ്ടായിരിക്കുന്നത്. കടന്നല്‍ക്കൂട് വനപ്രദേശത്ത് ആയതിനാല്‍ ഇവ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും പരിമിതിയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇനിയും തിങ്കളാഴ്ച ഉണ്ടായതുപോലെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്നാണ് ജനങ്ങളുടെ ഭീതി.

Latest Videos

അതിനിടെ, സുല്‍ത്താന്‍ബത്തേരിയില്‍ ഡ്രൈവിങ് പരിശീലനം നടത്തുകയായിരുന്ന കൗമാരക്കാരെ കാട്ടുപന്നി ആക്രമിച്ചു. സെന്റ്‌മേരീസ് കോളേജ് മൈതാനത്താണ് തിങ്കളാഴ്ച ഏഴരയോടെ പന്നിയുടെ ആക്രമണം ഉണ്ടായത്. കുപ്പാടി കുഴിവിള പ്രകാശിന്റെ മകന്‍ കാര്‍ത്തികേയന്‍ (കണ്ണന്‍-18), കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ നീല്‍കമല്‍ ബിജു മുരളീധരന്റെ മകന്‍ അഭിരാം(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൈതാനത്ത് ഡ്രൈവിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കവെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നെത്തിയ പന്നി ഇടിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ ഇരുവരും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Read Also: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വയനാടന്‍ വനമേഖലയിലെ കാലിമേയ്ക്കല്‍ നിരോധിക്കും

click me!