വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത ഇരപത്തിനാല് ലക്ഷത്തിലേറെ രൂപ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ യശ്വന്ത് യാംഗർ ആണ് കുടുങ്ങിയത്.
KL-15A- 0296 നമ്പർ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായിരുന്നു യശ്വന്ത് യാംഗർ. ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞുറു രൂപ (2478500/-) യാണ് കണ്ടെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. പ്രതിയെയും കണ്ടെടുത്ത പണവും തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറിയെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തിനൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി എം, അർജുനൻ ടി ആർ, സിവിൽ |എക്സൈസ് ഓഫീസർമാരായ നാസർ യു, വിവേക് എൻ എസ്, ശരവണൻ പി, സുനിൽ ബി എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പൊലീസിന്റെ പിടിയിലായി എന്നതാണ്. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ് ഐ രമ്യയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം പിടികൂടിയത്. സ്കൂൾ കുട്ടികൾക്ക് അടക്കം എം ഡി എം എ വിൽപ്പന നടത്തുന്ന ഡീലറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൂടരഞ്ഞി കൂമ്പാറയിൽ മാതാ ക്രഷറിന്റെ സമീപത്തു വെച്ച് വാഹന പരിശോധനയിൽ ആണ് 1.99 ഗ്രാം എം ഡി എം എയുമായി ഷൗക്കത്തിനെ പിടികൂടിയത്. ഇയാളുടെ ടിപ്പർ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാഹന പരിശോധനയിൽ ടിപ്പർ ലോറിയിലെ 'രഹസ്യ കച്ചവടം' കയ്യോടെ പിടികൂടി, ഡ്രൈവറും ടിപ്പറും അകത്ത്!