വിരിക്കൊമ്പൻ റിസോർട്ടിന്റെ ഷെഡ് തകർത്തു, പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു; ഇടുക്കിയിൽ കാട്ടാനകൾ ഇറങ്ങി

By Web Team  |  First Published Aug 28, 2024, 11:11 AM IST

ഏറെനാളായി കാന്തല്ലൂർ ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്നും ഇവയെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നും ആണ് കർഷകരുടെ ആരോപണം. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്.


ഇടുക്കി: ഇടുക്കിയിൽ വീണ്ടും ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങി. മറയൂരിൽ ഇറങ്ങിയ വിരിക്കൊമ്പൻ എന്ന കാട്ടാന ഒരു റിസോർട്ടിന്റെ ഷെഡ് തകർത്തു. മറയൂർ കീഴാന്തൂർ ശിവൻപന്തിയിലാണ് സംഭവം. മൂന്നാർ പുതുക്കാട് എസ്റ്റേറ്റിലെ ജനവാസമേഖലയിൽ പടയപ്പയും ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കന്നിമല ടോപ് സ്റ്റേഷനിലാണ് ആന ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. വിരിക്കൊമ്പനെയും പടയപ്പയെയും വനംവകുപ്പ് ആർ ആർ ടി നിരീക്ഷിക്കുകയാണ്. 

കാന്തല്ലൂർ ടൗണിലും കാട്ടാനകൾ കൂട്ടമായി ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തി. ഏറെനാളായി കാന്തല്ലൂർ ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്നും ഇവയെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നും ആണ് കർഷകരുടെ ആരോപണം. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്.

Latest Videos

undefined

നീണ്ട ഇടവേളയ്ക്ക് ശേഷം വണ്ടിപ്പെരിയാർ വള്ളക്കടവിലും കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ കയറിയെങ്കിലും വ്യാപക നാശം വിതച്ചില്ല. സ്കൂൾ ഭാഗത്ത് നിന്ന് കാട്ടാനക്കൂട്ടങ്ങൾ മുരളീധരന്റെ കൃഷിയിടത്തിൽ എത്തി മൂപ്പെത്താറായ വാഴകൾ വ്യാപകമായി നശിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാൻ നിർത്തിയ വാഴകളാണ് നശിപ്പിച്ചത്.

അരയേക്കറോളം വാഴക്കൃഷികൾ കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. ഇതിൽ ഏലം കൃഷിയും മറ്റും ഉൾപ്പെടും. ഏകദേശം അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും വനപാലകർ ഈ കാര്യത്തിൽ വേണ്ടത്ര ശുഷ്ക്കാന്തി കാട്ടിയില്ലന്നന്ന് മുരളീധരൻ പരാതി പറഞ്ഞു. കൂടാതെ സമീപ പ്രദേശത്ത് ശോഭന, സാംകുട്ടി മണ്ണൂശ്ശേരി ഷാജി എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു.

റോഡ് മുറിച്ച് കടന്ന സമയം അയ്യപ്പവിലാസം വീട്ടിൽ ലീലാമ്മ നാരായണന്റെ  വീടിന്റെ മതിൽ കടന്നാണ് കാട്ടാനക്കൂട്ടങ്ങൾ കാട്ടിലേയ്ക്ക് മടങ്ങിയത്. ഈ സമയം ഇവരുടെ കുടുംബാംഗങ്ങൾ വീടിന്റെ മുറ്റത്ത് നിൽപ്പുണ്ടായിരുന്നെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!