ഒരു കാട്ടുപോത്തല്ലേ ആ വരുന്നത്, പേടിക്കേണ്ട കക്ഷി കൂളാണെന്ന് നാട്ടുകാര്‍; കൂനൂര്‍ നഗരത്തില്‍ നിന്നുള്ള വീഡിയോ

By Web TeamFirst Published Jul 8, 2024, 7:27 PM IST
Highlights

വയനാട്ടിലെ വിവിധയിടങ്ങളിലും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലുമൊക്കെ മുമ്പ് കാട്ടുപോത്തുകള്‍ എത്തിയത് ഗതാഗത നിയന്ത്രിക്കുന്നതിലേക്കടക്കം കാര്യങ്ങള്‍ എത്തിച്ചിരുന്നു. 

സുല്‍ത്താൻ ബത്തേരി: കാട്ടുപോത്ത് നാട്ടിലിറങ്ങിയെന്ന് കേട്ടാല്‍ അതീവ ജാഗ്രതയിലായിരിക്കും മനുഷ്യരുടെ പിന്നെയുള്ള നീക്കങ്ങള്‍. വയനാട്ടിലെ വിവിധയിടങ്ങളിലും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലുമൊക്കെ മുമ്പ് കാട്ടുപോത്തുകള്‍ എത്തിയത് ഗതാഗത നിയന്ത്രിക്കുന്നതിലേക്കടക്കം കാര്യങ്ങള്‍ എത്തിച്ചിരുന്നു. 

എന്നാല്‍ കൂറ്റന്‍ കാട്ടുപോത്തിറങ്ങിയിട്ടും പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി നഗരത്തിലൂടെ തിരക്കിട്ട് പോകുന്ന ആളുകള്‍, പതിവുപോലെ സഞ്ചരിക്കുന്ന വാഹനങ്ങള്‍. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ കൂനൂര്‍ ടൗണില്‍ നിന്നുള്ളതാണ് കാഴ്ച്ച. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരക്കേറിയ ടൗണില്‍ കാട്ടുപോത്ത് എത്തിയത്. 

Latest Videos

എത്തിയെന്ന് മാത്രമല്ല യാതൊരു പേടിയുമില്ലാതെ ആ വന്യമൃഗം അങ്ങനെ ആളുകള്‍ക്കും വാഹനങ്ങള്‍ക്കുമിടയിലൂടെ നടക്കുകയാണ്. നഗരത്തിലെത്തിയ ആരോ ആയിരിക്കാം വീഡിയോ പകര്‍ത്തിയതെന്നാണ് കരുതുന്നത്. കൂനൂര്‍ ടൗണില്‍ നിന്ന് തെല്ല് മാറി വനപ്രദേശമാണ്. ഇവിടെ നിന്ന് സ്ഥിരമായി നഗരത്തിലെത്തുന്ന പോത്താണ് ഇതെന്ന് വ്യാപാരികളില്‍ ചിലര്‍ പറഞ്ഞു. കാട്ടുപോത്തുകള്‍ ഒറ്റക്കും കൂട്ടമായുമെല്ലാം ഇടക്കിടെ നഗരത്തില്‍ എത്താറുള്ളതായി ഇവര്‍ പറയുന്നു. 

സാധുക്കളാണെന്നും പാവം ജീവികളാണെന്നും ഒക്കെയാണ് നാട്ടുകാരിൽ ചിലരുടെ  അഭിപ്രായം. ഇതുവരെ അപകടങ്ങളൊന്നും ഇവിടെ പോത്തുകള്‍ ഉണ്ടാക്കിയിട്ടില്ല. നഗരത്തിലെത്തുന്നവരും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാറില്ലെന്നും അതുകൊണ്ടായിരിക്കാം അവയും കൂളായി നടന്നുനീങ്ങുന്നതെന്നാണ് പ്രദേശത്തെ ഒരു മാധ്യമപ്രവര്‍ത്തകന്റെ അഭിപ്രായം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വയനാട്ടിലെ വൈത്തിരി നഗരത്തില്‍ കാട്ടുപോത്ത് എത്തിയത്. അന്ന് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വരെ അവിടെയുള്ളവര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ എപ്പോഴും ഒരുപോലെയല്ല കാര്യങ്ങള്‍ എന്നാണ് ഈ പുതിയ വീഡിയോ തെളിയിക്കുന്നത്.

click me!