അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപികമാർ നേരിടുന്ന ചൂഷണം കേരളത്തിൽ മൊത്തത്തിൽ ഉണ്ടെങ്കിലും കോഴിക്കോടാണ് കൂടുതൽ
കോഴിക്കോട്: പത്ത്-മുപ്പത് വർഷത്തോളം ജോലി ചെയ്ത അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ യാതൊരു കാരണവുമില്ലാതെ അധ്യാപികമാരെ പിരിച്ചു വിടുന്ന പ്രവണത കോഴിക്കോട് ജില്ലയിൽ കൂടുതലെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച നടന്ന വനിത കമ്മിഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപികമാർ നേരിടുന്ന ചൂഷണം കേരളത്തിൽ മൊത്തത്തിൽ ഉണ്ടെങ്കിലും കോഴിക്കോടാണ് കൂടുതൽ. പ്രകടനം മോശമാണ് എന്ന കാരണം പറഞ്ഞാണ് ഇവരെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. പിരിച്ചു വിടുന്ന അധ്യാപികമാർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകാൻ മാനേജ്മെന്‍റുകൾ തയാറാകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
undefined
തൊഴിലിടങ്ങളിലെ മറ്റ് ചൂഷണങ്ങളും പരാതികളായി വരുന്നു. പല തൊഴിൽ സ്ഥാപനങ്ങളിലും പരാതിപരിഹാര സംവിധാനം നിയമം അനുശാസിക്കും വിധം പ്രവർത്തിക്കുന്നില്ല. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഉപഭോക്താക്കൾ ആയ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പരാതികളുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ സങ്കീർണമായ നിയമങ്ങളെക്കുറിച്ച് ധാരണകൾ ഇല്ലാത്ത സ്ത്രീകളാണ് തട്ടിപ്പിൽ വീഴുന്നത്. ഗാർഹിക സംബന്ധമായ പരാതികളും കൂടുന്നു. മദ്യപാനാസക്തിയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിലെ പ്രേരകം. ഇവ കുടുംബാന്തരീക്ഷത്തെയും കുട്ടികളെയും ബാധിക്കുന്നു.
എട്ടു മാസമായി അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ കമ്മിഷന്റെ നിരന്തര കൗൺസിലിങ്ങിന് ശേഷം ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് സിറ്റിങ്ങിൽ അറിയിച്ചു. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കാൻ രണ്ടു മാസം കൂടി സമയം ഇവർക്ക് അനുവദിച്ചു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പെൺകുട്ടി രണ്ടാമതും ഭർത്താവിൽ നിന്ന് അക്രമം നേരിട്ട സംഭവത്തിൽ പരാതി നൽകിയതായി പി സതീദേവി അറിയിച്ചു. പറവൂർ സ്വദേശിയായ പെൺകുട്ടി ആദ്യം നേരിട്ട ശാരീരിക അതിക്രമത്തെ കുറിച്ചുള്ള പരാതി എറണാകുളം ജില്ലയിലായിരുന്നു നൽകിയത്. പുതുതായി കമ്മിഷന് മുമ്പാകെ കോഴിക്കോട് നൽകിയ പരാതി ഗൗരവത്തിലാണ് കമ്മിഷൻ കാണുന്നതെന്നും സത്വര നടപടികൾ സ്വീകരിക്കുമെന്നും അധ്യക്ഷ അറിയിച്ചു.
66 പരാതികൾ പരിഗണിച്ചതിൽ 20 എണ്ണം തീർപ്പാക്കി. നാലെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. രണ്ടെണ്ണം കൗൺസിലിംഗിന് നിർദേശിച്ചു. ബാക്കി 40 എണ്ണം അടുത്ത സീറ്റിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികളാണ് ചൊവ്വാഴ്ച സ്വീകരിച്ചത്. കമ്മിഷൻ മെമ്പർ അഡ്വ പി കുഞ്ഞായിഷ, അഡ്വക്കറ്റുമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.