
അരീക്കോട്: മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തി വന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസീസ് (43) , എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടിൽ ഷമീർ ബാബു (42) എന്നിവരെ ഒരാഴ്ച മുൻപ് 200 ഗ്രാമോളം എംഡിഎംഎയുമായി അരീക്കോട് തേക്കിൻച്ചുവട് വച്ച് പിടികൂടിയിരുന്നു.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉഗാണ്ടൻ സ്വദേശിനി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്നും എത്തിച്ച ലഹരി മരുന്ന് വില്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ഇവർക്ക് ലഹരി മരുന്ന് നല്കിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരേയും പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലാകുന്ന പ്രതികളുടെ എണ്ണം 5 ആയി.10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , പാലക്കാട്, എന്നിവിടങ്ങളിൽ ലഹരിക്കടത്ത്, മോഷണം ഉൾപ്പെടെ 50 ഓളം കേസുകൾ ഉണ്ട്. ഇയാൾ ആന്ധ്രപ്രദേശിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടി ജയിലിൽ കിടന്നിട്ടുണ്ട്. കൂടാതെ 2 തവണ കാപ്പയിലും പിടിക്കപ്പെട്ടിട്ടുണ്ട്.
പിടിയിലായ ഷമീറിന് കരിപ്പൂർ നിലമ്പൂർ സ്റ്റേഷനിൽ അടിപിടി, ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയവ നിലവിൽ ഉണ്ട്. അനസ് മരട് സ്റ്റേഷനിൽ 80 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതിയാണ്. തായ്ലൻ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ സുഹൈലിനെ ജയ്പൂരിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു.
പ്രതികൾ ലഹരി വില്പനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തു വകകളും കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, അരീക്കോട് ഇൻസ്പക്ടർ സിജിത്ത്. എസ് ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ് , അബ്ദുള്ള ബാബു എന്നിവരെ കൂടാതെ അരീക്കോട് സ്റ്റേഷനിലെ ലിജീഷ്, അനില എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam