വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്
തിരുവനന്തപുരം: സംസ്ഥാനത്തെ ദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം എല്‍ ഡി എഫ് ഭരണത്തെ ജനം വെറുത്തതിന്‍റെ തെളിവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എം പി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയേയും എല്‍ ഡി എഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വര്‍ധിപ്പിച്ചെന്നും സുധാകരൻ ചൂണ്ടികാട്ടി.
തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍,പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളില്‍ എല്‍ ഡി എഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായത് യു ഡി എഫ് വിജയത്തിന്റെ മാറ്റുകൂട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യു ഡി എഫിന്റെ കരുത്തും ജനപിന്തുണയും എല്‍ ഡി എഫിനും ബി ജെ പിക്കും കാട്ടിക്കൊടുത്ത ഉപതിരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ വാര്‍ഡുകളിലേതെന്നും കെ സുധാകരന്‍ പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യു ഡി എഫിനും ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നതാണെന്നും കെ പി സി സി അധ്യക്ഷൻ വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം