ബൈക്കിന് സൈഡ് കൊടുത്തില്ല, ബസ് തടഞ്ഞ് കൈവള ഊരി ഡ്രൈവറെ പൊതിരെ തല്ലി; ഒളിവിൽ പോയ യുവാക്കൾ പിടിയിൽ

By Web Team  |  First Published Jul 18, 2024, 3:22 PM IST

സ്ത്രീകളടമുള്ള യാത്രക്കാരുടെ മുന്നിലിട്ടാണ് അസഭ്യം പറഞ്ഞ് കൈവള ഊരിയെടുത്ത് മുഹമ്മദ് ഷാഫി മര്‍ദിച്ചത്. ഡ്രൈവറെ മര്‍ദിക്കുന്നത് യാത്രക്കാരിയായ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ടതോടെയാണ് പ്രതികള്‍ മുങ്ങിയത്. 


തൃശൂര്‍: ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പഴുന്നാനയില്‍ റോഡില്‍ ബസ് തടഞ്ഞുനിര്‍ത്തി ബസില്‍ കയറി യാത്രക്കാരുടെ മുന്നിലിട്ട് ഡ്രൈവറെ മര്‍ദിച്ച യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ പുതുവീട്ടില്‍ മുഹമ്മദ് ഷാഫി (23), ചെമ്മന്തട്ട പഴുന്നാന പുഴങ്ങരയില്ലത്ത് ഫയാസ് (30) എന്നിവരെയാണ്  കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാവറട്ടിയില്‍നിന്നും അറസ്റ്റു ചെയ്തത്.

ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ഒരാഴ്ച മുമ്പ് കുന്നംകുളം -പഴുന്നാന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫിദ മോള്‍ ബസിലെ ഡ്രൈവര്‍ ലിബീഷിനെയാണ് യുവാക്കള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്. സ്ത്രീകളടമുള്ള യാത്രക്കാരുടെ മുന്നിലിട്ടാണ് അസഭ്യം പറഞ്ഞ് കൈവള ഊരിയെടുത്ത് മുഹമ്മദ് ഷാഫി മര്‍ദിച്ചത്. ഡ്രൈവറെ മര്‍ദിക്കുന്നത് യാത്രക്കാരിയായ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ടതോടെയാണ് പ്രതികള്‍ മുങ്ങിയത്. 

Latest Videos

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ലിബീഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. കഴിഞ്ഞ രാത്രി യുവാക്കള്‍ പാവറട്ടിയിലെത്തിയിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കുന്നംകുളം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഒരു ദിവസം പണിമുടക്കിയിരുന്നു. തൊഴിലാളി സംഘടനകള്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read More :  സ്പാ സെന്‍ററിൽ പോക്കറ്റ് ത്രാസ്, വിനോദ സഞ്ചാരികൾക്ക് തൂക്കിവിൽപ്പന; റെയ്ഡിൽ എംഡിഎംഎ കയ്യോടെ പിടികൂടി പൊലീസ്
 

tags
click me!