കാക്കനാട് തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസിലാണ് സംഭവം. വൈപ്പിൻ സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാനി എന്നിവരാണ് പിടിയിലായത്.
കൊച്ചി: കൊച്ചിയിൽ ബസിനകത്ത് പുകവലിച്ച് തർക്കമുണ്ടാക്കിയ യുവാക്കളെ കൈയേടെ പൊലീസിന് മുന്നിലെത്തിച്ച് ജീവനക്കാർ. ബസ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയത് പ്രതികളെ കൈമാറിയത്. സ്റ്റേഷൻ വളപ്പിനകത്തുനിന്ന് കടന്നുകളഞ്ഞ സംഘത്തിലെ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.
കാക്കനാട്- തോപ്പുംപടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരായി കയറിയ അഞ്ച് പേർ ബസിനകത്ത് പുകവലിക്കുകയും എതിർത്തവരുമായി തർക്കമുണ്ടാക്കുകയും ചെയ്തു. ചോദ്യം ചെയ്ത ബസ് ജീവനക്കാർക്ക് നേരെ അസഭ്യവും മർദനവും. പിന്നാലെ ബസ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് നിർത്താതെ ഓടി. സ്റ്റേഷൻ വളപ്പിലേക്ക് ബസ് എത്തിയതും മൂന്ന് പേർ പൊലീസിനെ തള്ളി മാറ്റി കടന്നു കളഞ്ഞു. വൈപ്പിൻ സ്വദേശി ജോബി ജോസഫും കാക്കനാട് സ്വദേശി ഷാനിയും പിടിയിലായി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൂടെയുണ്ടായിരുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം