പ്രതിവർഷം 1000 എൻസിസി കേഡറ്റുകൾക്ക് വിമാനം പറത്താൻ പഠിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ഇടുക്കി: ഇടുക്കിയിലെ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കി രണ്ടു വർഷമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. വനം വകുപ്പിന്റെ എതിർപ്പ് മൂലം നിർമാണം അനന്തമായി നീളുന്നതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സം. പ്രതിവർഷം 1000 എൻസിസി കേഡറ്റുകൾക്ക് വിമാനം പറത്താൻ പഠിക്കാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്.
എൻ സി സിയിലെ എയർവിംഗ് കേഡറ്റുകൾക്ക് പരിശീലനം നടത്താനാണ് 12 കോടി രൂപ മുടക്കി ഇടുക്കിയിലെ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വനംവകുപ്പ് തടസവുമായി രംഗത്തെത്തിയത്. 2022 ഡിസംബറിൽ പരീക്ഷണ ലാൻഡിംഗും നടത്തി.
എയർ സ്ട്രിപ്പിലേക്കുള്ള റോഡിലെ 400 മീറ്റർ വനഭൂമിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് പണികൾ തടസ്സപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. രണ്ടു വർഷം മുൻപ് കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിൻറെ ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു. ഇത് പുനർ നിർമ്മിക്കാൻ ആറു കോടി മുപ്പത് ലക്ഷം രൂപ എൻസിസി കൈമാറി. വനം വകുപ്പിൻറെ എതിർപ്പു മൂലം ഇതും പണിയാനാകുന്നില്ല. അനാവശ്യമായ പിടിവാശിയാണിതെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പ്രതികരിച്ചു.
അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സത്രത്തില്‍ ഇറക്കാൻ കഴിയുമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. റൺവേയ്ക്കൊപ്പം വിമാനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള ഹാംഗർ, ഓഫീസ്, പരിശീലത്തിനെത്തുന്ന കുട്ടികൾക്കുള്ള താമസം സൗകര്യം എന്നിവയും പൂർത്തിയാക്കിയിരുന്നു. വൈറസ് എസ് ഡബ്ല്യു 80 വിഭാഗത്തിലുള്ള നാലു വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്.