മാഹി റ്റു തൃശ്ശൂർ, കാറിൽ ഒരു യുവതിയും; സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം!

By Web TeamFirst Published Feb 3, 2024, 11:15 AM IST
Highlights

കൊടകര മേഖലയിൽ ഇവർ വന്നു പോകാറുള്ള സ്ഥലങ്ങളിൽ വേഷം മാറി നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്.

തൃശ്ശൂർ: മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തിയ യുവതിയും യുവാവും എക്സൈസിന്‍റെ പിടിയിൽ. പിടികൂടി. ദമ്പതികൾ എന്ന വ്യാജേന വന്നവർ കാറിൽ ഒളിപ്പിച്ചു കടത്താൻ നോക്കിയ 96 കുപ്പി മദ്യമാണ് മധ്യമേഖലാ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിഞ്ഞാലക്കുട എക്‌സൈസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഡാനിയൽ, സാഹിന എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മാഹിയിൽനിന്നും തൃശൂരിലേക്ക് മദ്യം കടത്തുന്നതിനിടെ കൊടകരയിൽ വെച്ചാണ് എക്സൈസ്  പ്രതികളെ പിടികൂടിയത്. ദമ്പതികൾ എന്ന വ്യാജേന  ഡാനിയലും സാഹിനയും മാഹിയിൽ നിന്നും സ്ഥിരമായി മദ്യം കടത്തി തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാറുണ്ടെന്നാണ് എക്സൈസ് സംഘം പറയുന്നത്. പ്രതികളെ കുറിച്ച് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. 

Latest Videos

കൊടകര മേഖലയിൽ ഇവർ വന്നു പോകാറുള്ള സ്ഥലങ്ങളിൽ വേഷം മാറി നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്.  ഇരിഞ്ഞാലക്കുട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറായ  എ.ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.  സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ജി മോഹനൻ, പ്രിവെന്റീവ് ഓഫീസർമാരായ കെ എം സജീവ്, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർ കുമാർ, ടി ആർ സുനിൽ, വിശാൽ, സിജോ മോൻ, സനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

അതിനിടെ തൃശ്ശൂരിൽ മറ്റൊരു കേസിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ യുവാവിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരിൽ  യുവാവ് നടത്തിയിരുന്ന 'ഡ്രൈ ഡേ ബാർ' ആണ് എക്‌സൈസ് പൂട്ടിയത്. പാപ്പിനിവട്ടം സ്വദേശി 42 വയസ്സുള്ള ഷമിദനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാoനാഥും സംഘവും പിടികൂടിയത്. 

അതീവ രഹസ്യമായി വൻ തോതിൽ മദ്യം സ്റ്റോക്ക് ചെയ്തു ഒന്നാം തീയതിയിലും മറ്റു ഡ്രൈ ഡേ ദിവസങ്ങളിലും വിറ്റഴിക്കുകയായിരുന്നു ഷംനാഥെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും അവധി വസങ്ങളിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 103 കുപ്പി മദ്യം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പരിശോധന ഭയന്ന് രഹസ്യമായി വീടിന് പുറകിൽ  അറ ഉണ്ടാക്കിയാണ് ഇയാൾ മദ്യം സ്റ്റോക്ക് ചെയ്തിരുന്നത്. സമീപത്ത് നിന്നും ഇത്തരം അനധികൃത മദ്യവില്പന കേസുകൾ മുൻപും എക്‌സൈസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Read More :  'പ്രമുഖ ബാങ്കുകള്‍, ഡോക്ടര്‍മാര്‍, എംഇഎസ് അടക്കമുള്ള കോളേജുകൾ'; 37 സീൽ, സകലതും വ്യാജം, മൂവർ സംഘം പിടിയിൽ
 

tags
click me!