കാറിന്‍റെ പിൻ സീറ്റിൽ ഒളിപ്പിച്ചിട്ടും രക്ഷപ്പെട്ടില്ല; 20 ലക്ഷം വരെ വില പറഞ്ഞ മാൻ കൊമ്പുകൾ, 2 പേർ അറസ്റ്റിൽ

By Web Team  |  First Published Jun 23, 2023, 2:15 PM IST

വി എം സി ഹൈസ്ക്കൂളിന് സമീപത്ത് വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. മാൻ കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


വണ്ടൂർ: ലക്ഷങ്ങള്‍  വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാന്‍ കൊമ്പുകളുമായി രണ്ട് പേര്‍ വണ്ടൂരില്‍ പിടിയില്‍. നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി സ്വദേശി മലയിൽ ഹൗസിൽ ഉമ്മർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വി എം സി ഹൈസ്ക്കൂളിന് സമീപത്ത് വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. മാൻ കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക്  ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍  ഡി വൈ എസ് പി  സാജു കെ എബ്രഹാം, വണ്ടൂര്‍ എസ് ഐ പി ശൈലേഷ്കുമാര്‍  എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഈ സംഘത്തെ കുറിച്ചും ചില ഏജന്‍റുമാരെ കുറിച്ചും  സൂചന ലഭിച്ചത്. തുടര്‍ന്ന്  കൂടുതല്‍ അന്വേഷണം നടത്തിയപ്പോൾ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍  ഇടനിലക്കാരായി  ഇവരെ സമീപിക്കുന്നതായും ഇരുപത് ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും  വിവരം ലഭിച്ചു.

Latest Videos

undefined

തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ പൊലീസും  പെരിന്തല്‍മണ്ണ - നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും  നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കാറിന്‍റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാൻ കൊമ്പുകൾ. എസ് ഐ പി ശൈലേഷ് , എസ് ഐ കെ പ്രദീപ്, സി പി ഒ എം ജയേഷ് , പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സ്ക്വാഡ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

സൗഹൃദം അവസാനിപ്പിച്ചതിൽ കടുത്ത വൈരാഗ്യം; ഹോട്ടലിൽ കയറി ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു, രണ്ട് പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് തത്സമയം കാണാം...

 

click me!