മഫ്തിയിലെത്തിയ പൊലീസുകാർ അവർ പറഞ്ഞതെല്ലാം കേട്ടു; നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, ജോബിയുടെ മരണത്തിൽ 2 പേർ പിടിയിൽ

By Web TeamFirst Published Sep 19, 2024, 9:05 PM IST
Highlights

സ്‌കൂട്ടറില്‍ കയറിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ ജോബി അസഭ്യം പറഞ്ഞ് ജിന്‍റോയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായി സ്‌കൂട്ടറില്‍നിന്ന്  റോഡിലേക്ക് വീഴാന്‍ പോയ ജിന്‍റോ പ്രകോപിതനായി കൈ തട്ടി മാറ്റി ജോബിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തൃശൂര്‍: ആളൂര്‍ പാറേക്കാട്ടുകരയില്‍ അവശനിലയില്‍ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പില്‍ ജിന്റോ (28) കുവ്വക്കാട്ടില്‍ സിദ്ധാര്‍ത്ഥന്‍ (63 ) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടർ കെ.എം. ബിനീഷ് അറസ്റ്റു ചെയ്തത്. പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കല്‍ ജോബി(45)യുടെ മരണത്തിലാണ് അറസ്റ്റ്. തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. 

വൈകിട്ട് ആറരയോടെ കള്ളുഷാപ്പിന് എതിര്‍ വശത്ത് അവശനിലയില്‍ കിടക്കുകയായിരുന്ന ജോബിയെ വിവരമറിഞ്ഞ് ബന്ധുക്കളെത്തി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ജോബി മരിച്ചു. മരണപ്പെട്ട ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാര്‍ത്ഥനും തമ്മില്‍ ഷാപ്പില്‍ വച്ച് ഉച്ചയോടെ വഴക്കുണ്ടായി. തമ്മില്‍ തല്ലുകയും പിടിവലി കൂടുകയും ചെയ്തിരുന്നു. ഇരുവരും പരസ്പരം മല്‍പ്പിടത്തം നടത്തി നിലത്ത് വീണു കിടക്കുമ്പോഴാണ് അതുവഴി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ജിന്‍റോ സംഭവം കാണുന്നത്. സ്‌കൂട്ടറില്‍നിന്ന് ഇറങ്ങി വന്ന ജിന്‍റോ ഇരുവരെയും പിടിച്ചു മാറ്റി.

Latest Videos

വീണ്ടും സ്‌കൂട്ടറില്‍ കയറിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ ജോബി അസഭ്യം പറഞ്ഞ് ജിന്‍റോയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായി സ്‌കൂട്ടറില്‍നിന്ന്  റോഡിലേക്ക് വീഴാന്‍ പോയ ജിന്‍റോ പ്രകോപിതനായി കൈ തട്ടി മാറ്റി ജോബിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സിദ്ധാര്‍ത്ഥന്റെയും ജിന്റോയുടെയും മര്‍ദനത്തിലുമാണ് ജോബിക്ക് പരിക്കേറ്റതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. വാരിയെല്ലു പൊട്ടുകയും ആന്തരീക അവയവങ്ങള്‍ ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണ കാരണമായി പറയുന്നത്.

റൂറല്‍ എസ്പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് മഫ്തിയില്‍ പൊലീസ് വിശദമായ  അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് അന്വേഷണം സാധൂകരിക്കുന്നതാണ്. തിരുവോണ ദിവസമായതിനാല്‍ ഉച്ചക്ക് ഷാപ്പ് കുറച്ചു നേരം അടച്ചിട്ടിരുന്നു. ഈ സമയത്താണ് സിദ്ധാര്‍ത്ഥനുമായി ജോബി അടികൂടി കിടന്നതും അതുവഴി വന്ന ജിന്റോയുമായി പ്രശ്‌നമുണ്ടാക്കുന്നതും. പോലീസിന്റെ രഹസ്യമായ അന്വേഷണത്തിലാണ് മരണത്തിന് കാരണമായ പരിക്കുകള്‍ക്കിടയാക്കിയ സംഭവങ്ങള്‍ പുറത്തറിഞ്ഞത്. 

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സംഭവങ്ങളുടെ വ്യക്തതവരുത്തി ബുധനാഴ്ച വൈകിട്ടാണ് പ്രതികളുടെ  അറസ്റ്റു രേഖപ്പെടുത്തിയത്. ജിന്റോ കൊടകര, ആളൂര്‍, സ്റ്റേഷനുകളില്‍  അടിപിടി കേസിലും, ഇടുക്കിയില്‍ കള്ളനോട്ട് കേസിലും മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ട്.

ആള്‍ക്കൂട്ട സംഭാഷത്തില്‍ നിന്നാണ് പല വിവരങ്ങളും പൊലീസിന് ലഭിച്ചത്.  മഫ്തിയിലായിരുന്നു പൊലീസിന്റെ അന്വേഷണം. ഷാപ്പിലും സംഭവം നടന്ന പ്രദേശത്തും മഫ്തിയിലെത്തിയ പൊലീസിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ആളൂര്‍ എസ്.ഐ. കെ.എസ്. സുബിന്ത്, കെ.കെ.രഘു, പി.ജയകൃഷ്ണന്‍, കെ.എസ്. ഗിരീഷ്, സീനിയര്‍ സി.പി.ഒ  ഇ.എസ്. ജീവന്‍, സി.പി.ഒ  കെ.എസ്. ഉമേഷ്, സവീഷ്, സുനന്ദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ടി.ആര്‍. ബാബു എന്നിവരാണ് അന്വേഷണ  സംഘത്തില്‍ ഉണ്ടായിരുന്നത്.

Read More : 108 സ്ഥാപനങ്ങൾക്ക് പണികിട്ടി, ഭക്ഷണ സാധനങ്ങൾക്ക് ഗുണമേന്മയില്ല, ഗുരുതര വീഴ്ച; പൂട്ടിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

click me!