കെഎസ്ഇബി കരാർ ജോലികൾ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി. പുതിയ പോസ്റ്റുകൾ ഇട്ടതോടെ ഉപയോഗത്തിൽ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്.
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ കെഎസ്ഇബി കരാർ ജീവനക്കാരനും കൂട്ടാളിയും ചേർന്ന് 27 പോസ്റ്റുകളിലെ വൈദ്യുതി ലൈൻ മോഷ്ടിച്ചു. നാല് ലക്ഷത്തോളം രൂപ വിലവരുന്ന ലൈൻ കമ്പികളാണ് കടത്തിക്കൊണ്ടുപോയത്. ജീവനക്കാരുടെ വേഷത്തിലെത്തി അറ്റകുറ്റപ്പണിക്കെന്ന് വിശ്വസിപ്പിച്ചായിരുന്നു മോഷണം.
കെഎസ്ഇബി കരാർ ജീവനക്കാരൻ മോതിരവയിൽ സ്വദേശി വാസു, ഇയാളുടെ സുഹൃത്ത് കൊട്ടാരക്കര വാളകം രതീഷ് എന്നിവരാണ് പിടിയിലായത്. മലയോര ഹൈവേ നിർമ്മാണത്തിന്‍റെ ഭാഗമായി റാന്നി ഭാഗത്ത് പഴയ പോസ്റ്റുകളും ലൈനുകളും കെഎസ്ഇബി മാറ്റി സ്ഥാപിച്ചിരുന്നു. അന്ന് കരാറെടുത്തത് വാസുവും കൂട്ടരുമാണ്. കെഎസ്ഇബി ഉപേക്ഷിച്ച പഴയ ലൈൻ കമ്പികൾ ഇനി ആരും അന്വേഷിക്കില്ലെന്ന് കരുതി മോഷ്ടിക്കാൻ വാസു തീരുമാനിച്ചു. അങ്ങനെ സുഹൃത്തായ രതീഷിനെയും കൂട്ടി മന്ദമരുതി ഉൾപ്പെടെ പലഭാഗങ്ങളിൽ വയലിലൂടെയും റബ്ബർ തോട്ടങ്ങളിലൂടെയും പോയിരുന്ന ലൈനുകൾ മുറിച്ചെടുത്തു. കെഎസ്ഇബി ജീവനക്കാരുടെ വേഷത്തിലെത്തിയായിരുന്നു മോഷണം. അതിനാൽ ആരും സംശയിച്ചില്ല. 1500 മീറ്റർ ലൈൻ കമ്പികൾ പ്രതികൾ അടിച്ചുമാറ്റിയെന്ന് പൊലീസ് പറയുന്നു.
നാല് ലക്ഷത്തിലധികം വിലവരുന്ന കമ്പികൾ ഐത്തല ഭാഗത്തുള്ള ആക്രിക്കടയിലാണ് വിറ്റത്. കടക്കാരനെയും പൊലീസ് പ്രതിയാക്കും. തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള അന്വേഷണവും നടക്കുന്നു.
https://www.youtube.com/watch?v=Ko18SgceYX8