നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്..

By Web TeamFirst Published Oct 13, 2024, 2:58 PM IST
Highlights

ശനിയാഴ്ച രാത്രിയാണ് അമ്മതൊട്ടിലിന്റെ സംരക്ഷണത്തിലേക്ക് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്

വഴുതയ്ക്കാട്: നവരാത്രി ദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ പെൺകുഞ്ഞിന് നവമി. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൻറെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്കാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയും ഒരു പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ലഭിച്ചിരുന്നു. അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ നവരാത്രി ദിനമായതിനാൽ  കുഞ്ഞിന് നവമി എന്നു പേരിട്ടതായി  സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി വിശദമാക്കി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609-ാ മത്തെ കുട്ടിയാണ് നവമി.
 
കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് ശേഷം എസ് എ റ്റി  ആശുപത്രിയിലേക്ക് മാറ്റി. 2024 ൽ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15 മത്തെ കുട്ടിയാണ് നവമി. കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വിശദമാക്കി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!