'മരിച്ചിട്ടും വേര്‍പിരിയാൻ കഴിയാതെ', കാളികാവിൽ 'മകൾക്കുറങ്ങാൻ' അടുക്കളയിൽ ഇടമൊരുക്കി ആദിവാസി കുടുംബം

By Web Team  |  First Published Apr 5, 2023, 7:15 PM IST

മകളോടുള്ള വാത്സല്യം മൂലം അവള്‍ മരിച്ചിട്ടും വിട്ടുപിരിയാന്‍ തയ്യാറാകാതെ മകളുടെ ഓര്‍മ്മകളില്‍ വിതുമ്പി ആദിവാസി കുടുംബം. മരിച്ചെങ്കിലും മകളുടെ കുഴിമാടമെങ്കിലും എന്നും കണ്ടുകൊണ്ടിരിക്കാനായി മറവ് ചെയ്തത് വീടിന്റെ അടുക്കളയില്‍


മലപ്പുറം:  മകളോടുള്ള വാത്സല്യം മൂലം അവള്‍ മരിച്ചിട്ടും വിട്ടുപിരിയാന്‍ തയ്യാറാകാതെ മകളുടെ ഓര്‍മ്മകളില്‍ വിതുമ്പി ആദിവാസി കുടുംബം. മരിച്ചെങ്കിലും മകളുടെ കുഴിമാടമെങ്കിലും എന്നും കണ്ടുകൊണ്ടിരിക്കാനായി മറവ് ചെയ്തത് വീടിന്റെ അടുക്കളയില്‍. കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരി എസ് ടി കോളനിയിലെ വെള്ളന്‍ എന്ന 85- കാരനും കുടുംബവുമാണ് മകളുടെ അന്ത്യനിദ്ര വീടിനോട് ചേര്‍ന്ന് നിര്‍മിച്ച അടുക്കളയിലാക്കിയത്. 

വെള്ളന് ഒരാണും രണ്ട് പെണ്‍മക്കളുമാണുള്ളത്. ഇതില്‍ രണ്ടാമത്തെ മകള്‍ മിനി(24) പ്രസവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. കഴിഞ്ഞമാസം 28 -ന് മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതേതുടര്‍ന്ന് അവശയായ മിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെവെച്ചാണ് മരണപ്പെട്ടത്. വീട്ടില്‍ കൊണ്ടുവന്ന മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകാന്‍ ഐടി ഡി പിയും സമീപവാസികളും വാഹന സൗകര്യമടക്കം ഒരുക്കിയിട്ടും വെള്ളന്‍ നിരസിക്കുകയായിരുന്നു. 

Latest Videos

അടക്കാക്കുണ്ട് പാറശ്ശേരിയിലെ വലിയ പാറക്കെട്ടുകള്‍ക്ക് മുകളിലെ കൊച്ചുവീട്ടിലാണ് വെള്ളനും കുടുംബവും താമസിക്കുന്നത്. ഇവര്‍ ഭക്ഷണമുണ്ടാക്കുന്നതിനായി പുറത്ത് നിര്‍മിച്ച അടുക്കളയിലാണ് മിനിയുടെ മൃതദേഹം മറവുചെയ്തത്. ആകെ മൂന്ന് സെന്റ് ഭൂമിയാണ് വെള്ളനുള്ളത്. അതില്‍ തന്നെ നല്ലൊരു ഭാഗവും പാറക്കെട്ടുകളായതുകൊണ്ടാണ് അടുക്കളയില്‍ തന്നെ കുഴിയെടുക്കേണ്ടി വന്നത്.

Read more:  '9 വര്‍ഷത്തെ പ്രണയമാണ്', കാമുകിയുടെ ഹര്‍ജിയിൽ കൊലക്കേസ് പ്രതിക്ക് വിവാഹത്തിന് 15 ദിവസം പരോൾ അനുവദിച്ച് കോടതി

മകളുടെ കുഴിമാടത്തില്‍ ഇടക്കിടെ കയറിയിറങ്ങി കണ്ണ് നനഞ്ഞിരിക്കുന്ന വെള്ളന്‍ ആരുടെയും കണ്ണ് നനയിക്കും. മകളെ തങ്ങള്‍ക്ക് എന്നും ഓര്‍ക്കാനും കുഴിമാടം കാണാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വെള്ളനും കുടുംബവും പറയുന്നത്. മിനിയുടെ മരണവും സംസ്‌കാരവും പുറം ലോകമറിയുന്നത് കഴിഞ്ഞ ദിവസം മാത്രമാണ്.  മിനിയുടെ മാതാവ് നീലി, സഹോദരങ്ങളായ ബിന്ദു, വിനോദ് എന്നിവരടങ്ങിയതാണ് ഇവരുടെ കുടുംബം. മിനി മരണപ്പെട്ടെങ്കിലും കുട്ടി ഇപ്പോഴും പൂര്‍ണ ആരോഗ്യത്തോടെ ഭര്‍ത്താവ് വണ്ടൂര്‍ കാരാട് സ്വദേശി നിധീഷിന്റെ വീട്ടില്‍ കഴിയുകയാണ്.

click me!