പൊന്മുടി പാതയില്‍ മരം കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു  

By Web Desk  |  First Published Jan 8, 2025, 3:10 AM IST

വിതുര - പൊന്മുടി റോഡില്‍ ഒന്നാം വളവിലാണ് മരം റോഡിലേയ്ക്ക് കടപുഴകി വീണത്. 


തിരുവനന്തപുരം: ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന പൊന്മുടി പാതയില്‍ മരം വീണത് ഗതാഗത തടസമുണ്ടാക്കി.
വിതുര - പൊന്മുടി റോഡില്‍ ഒന്നാം വളവിലാണ് മരം റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതുവഴി കടന്നെത്തിയ വിനോദ സഞ്ചാരികളാണ് മരം വീണ വിവരം നാട്ടുകാരെ അറിയിച്ചത്. കഴിഞ്ഞാഴ്ചയും ഇതേ സ്ഥാനത്ത് മരം റോഡില്‍ വീണ് ഗതാഗത തടസമുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ അഗ്‌നിശമന സേനയെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരി കെ എസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ പ്രേംരാജ്, ഫയര്‍ ഓഫീസര്‍മാരായ പ്രദീഷ്, അല്‍കുമാരദാസ്, നിതിന്‍, ഹെല്‍വിന്‍രാജ്, ഹോം ഗാര്‍ഡ് ബിജു എന്നിവര്‍ പങ്കെടുത്തു. വനപാതയതിനാല്‍ തന്നെ ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെടാറുണ്ട്. അടുത്തിടെ കാറ്റ് ശക്തമായി വീശിയതിനെ തു‌ടർന്ന് മരം വീണതില്‍ നിന്നും ബൈക്ക് യാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊന്മുടി യാത്രയില്‍ കാലാവസ്ഥ നോക്കി വേണം ചുരം കയറാനെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest Videos

READ MORE: പരാതി നൽകുന്നവരുടെ വീട്ടിൽ അന്ന് രാത്രി തന്നെ കയറി മോഷ്ടിക്കും; ഒടുവിൽ ചുമടുതാങ്ങി തിരുട്ടു സംഘം പിടിയിൽ

click me!