ശൈത്യകാലത്തെ കുളിര് നുകരാൻ ഇടുക്കി മീശപ്പുലിമലയിൽ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിൽ നിന്നുള്ള യാത്ര സൗകര്യങ്ങൾ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകർഷണം.
ഇടുക്കി: ശൈത്യകാലത്തെ കുളിര് നുകരാൻ ഇടുക്കി മീശപ്പുലിമലയിൽ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിൽ നിന്നുള്ള യാത്ര സൗകര്യങ്ങൾ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകർഷണം.
നീലക്കുറിഞ്ഞി വർണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. അതിശൈത്യത്തെ തുടർന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ഈ കാഴ്ച വിസ്മയം. മീശപ്പുലിമലയിൽ പോകാൻ ഓൺലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ സൈലന്‍റ്‍വാലിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലെത്താം.
ഇവിടെ നിന്ന് ജീപ്പിൽ 16 കിലോമീറ്റർ നീളുന്ന ഓഫ് റോഡിംഗ് നടത്തി കെഎഫ്‍ഡിസിയുടെ റോഡോമെന്‍റഷന്‍ കോട്ടേജിലെത്തണം. രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യഥാർത്ഥ യാത്ര. ഏഴര കിലോമീറ്റർ നീളുന്ന ട്രെക്കിംഗ്. കാൽനടയായി ഏഴ് മലകൾ താണ്ടിയുള്ള യാത്ര അൽപം ആയാസകരമാണെങ്കിലും മലയുടെ നെറുകയിലെത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും.
പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയിൽ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. തിരക്ക് കൂടിയതോടെ കെഎഫ്ഡിസി സഞ്ചാരികള്‍ക്കായി പ്രത്യേക യാത്ര പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമല സമ്മാനിക്കുന്ന ദൃശ്യവസന്തവും നവോന്മേഷവും ജീവിതകാലം മുഴുവൻ നിറഞ്ഞ് നിൽക്കുമെന്നാണ് സഞ്ചാരികളുടെ സാക്ഷ്യം.