'റോഡ് പണിയിൽ അപാകതയുണ്ട്'; നാട്ടുകാരും മെമ്പറും പറഞ്ഞിട്ടും ചെവികൊണ്ടില്ല', ഒടുവിൽ ലോറി തലകീഴായി മറിഞ്ഞു

By Web Team  |  First Published Jun 22, 2023, 6:01 PM IST

പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പ്രകാരം പുനർനിർമ്മാണം നടക്കുന്ന വിഴിഞ്ഞം ആട്ടറമൂല - മുക്കോല റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള നാട്ടുകാരുടെ ആരോപണം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു.


തിരുവനന്തപുരം: പ്രധാൻ മന്ത്രി ഗ്രാം സടക് യോജന പ്രകാരം നിർമ്മിക്കുന്ന റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിച്ചു. ഒടുവിൽ ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. വിഴിഞ്ഞം ആട്ടറമൂല ജംഗ്ഷന് സമീപമാണ് സംഭവം. മാർത്താണ്ഡത്ത് നിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജന് പരിക്കുപറ്റി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

ലോഡുമായി പോകുന്നതിനിടയിൽ റോഡിൻറെ ഒരു വശം ഇടിയുകയും തുടർന്ന് ലോറി തോട്ടിലേക്ക് മറിയുകയുമായിരുന്നു. പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പ്രകാരം പുനർനിർമ്മാണം നടക്കുന്ന വിഴിഞ്ഞം ആട്ടറമൂല - മുക്കോല റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള നാട്ടുകാരുടെ ആരോപണം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. പലതവണ നാട്ടുകാരും ജനപ്രതിനിധികളും റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല എന്ന് ആരോപിക്കുന്നു. 

Latest Videos

2.73 കോടി രൂപ ചിലവഴിച്ച് ആണ് റോഡ് നിർമ്മാണം നടത്തുന്നത്. അഞ്ചു വർഷത്തേക്ക് മെയിൻ്റനൻസ് തുകയായി 24 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  നിർമ്മാണ പ്രവർത്തനങ്ങൾ പലപ്പോഴും ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ അല്ല നടക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. കൃത്യമായ അനുപാതം അനുസരിച്ചല്ല ടാറിംഗ് നടത്തിയത് എന്ന ആരോപണം ഉണ്ട്. ടാറിംഗ് കഴിഞ്ഞ ഭാഗങ്ങളിൽ വലിയ മെറ്റൽ കഷണങ്ങൾ പൊങ്ങി നിൽക്കുന്ന അവസ്ഥ ആണ്. 

ചിലയിടങ്ങളിൽ ടാർ ഇളകി മാറിയ അവസ്ഥയാണ്. കൃത്യമായ നിരപ്പ് ഇല്ലാതെയാണ് പല സ്ഥലങ്ങളിലും ടാറിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. മുൻപ് പല തവണ റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഭലം ഉണ്ടായില്ല എന്ന് ആക്ഷേപം ഉണ്ട്. 

Read More : അയങ്കാളിയെ അപമാനിച്ച് മോർഫ് ചെയ്ത ചിത്രവുമായി 'കുകുച' ഗ്രൂപ്പിൽ പോസ്റ്റ്, പരാതിയുമായി മുൻ എംഎൽഎ, അന്വേഷണം

click me!