വയനാട്ടിൽ ജനങ്ങളെയും വനം വകുപ്പിനെയും വട്ടം ചുറ്റിച്ച പെൺകടുവ തിരുവനന്തപുരത്തേക്ക്, മൃഗശാലയിൽ പുനരധിവാസം

കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ആഴ്ചകൾക്ക് മുമ്പാണ് പെൺകടുവ പുൽപ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്.

Tiger captured in Wayanad finds new home at Thiruvananthapuram Zoo

തിരുവനന്തപുരം: വയനാട്ടിൽ ഭീതിവിതച്ച പെൺകടുവയ്ക്ക് തലസ്ഥാനത്ത് അഭയം. ഒരാഴ്ച മുമ്പ് വയനാട്ടിൽ വനംവകുപ്പിന്‍റെ കൂട്ടിൽ കുടുങ്ങിയ എട്ടുവയസുകാരിയായ കടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റാനാണ് തീരുമാനം. കാലിന് പരുക്കേറ്റ കടുവയെ തിങ്കളാഴ്ച മൃഗശാലയിൽ എത്തിക്കും. പരുക്കേറ്റ കടുവയ്ക്ക് ആവശ്യമായ ചികിത്സ നൽകി പുനരധിവസിപ്പിക്കും. മൃഗശാലയിൽ എത്തിക്കുന്ന കടുവയുടെ ആരോഗ്യപരിശോധന നടത്തിയതിന് ശേഷം കാലിലെ പരുക്കിനുള്ള ചികിത്സ ആരംഭിക്കാനാണ് ആലോചന. 

മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ്  എന്ന കടുവയെ ഉൾപ്പെടെ മൃഗശാലയിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ആഴ്ചകൾക്ക് മുമ്പാണ് പെൺകടുവ പുൽപ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്. രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ ഒടുവിൽ വനം വകുപ്പിന്‍റെ കൂട്ടിലായി. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവ പൂർണ ആരോഗ്യം പ്രാപിച്ചതോടെയാണ് തിരുവനന്തപുരത്തേക്കെത്തിക്കുന്നത്.

Latest Videos

ജനുവരി ഏഴിനു നാരകത്തറയിൽ പാപ്പച്ചൻ എന്ന ജോസഫിന്‍റെ ആടിനെ കൊന്നാണ് കടുവ ആക്രമണം തുടങ്ങിയത്. ആടിനെ പാതിയോളം ഭക്ഷിച്ച നിലയിലാണ് തൊട്ടടുത്ത തോട്ടത്തിൽ ജഡം കണ്ടത്. തോട്ടത്തിലൂടെ കടുവ ഓടുന്നതും നാട്ടുകാർ കണ്ടു. വിവരമറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥർ പാതി തിന്ന ആടിനെ ഇരയായി വെച്ച് കെണിയൊരുക്കി. കടുവ കെണിയിൽ കുടുങ്ങിയില്ലെങ്കിലും ക്യാമറയിൽ കുടുങ്ങി. വനംവകുപ്പിന്‍റെ നിരീക്ഷണ ക്യാമറയിലും ക്യാമറ ട്രാപ്പിലും ദൃശ്യങ്ങൾ ലഭിച്ചു. സൂക്ഷ്മ പരിശോധനയിൽ ഇത് കേരളത്തിന്‍റെ ഡാറ്റാ ബേസിൽ ഇല്ലാത്ത കടുവയാണെന്ന് വനംവകുപ്പ്  സ്ഥിരീകരിച്ചു.  

പുൽപ്പള്ളിയിലെ അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളിൽ 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കൊന്നതിന് ശേഷമാണ് കടുവ കൂട്ടിലായത് .ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി ഇരപിടിക്കാൻ തുടങ്ങിയതോടെ പുൽപ്പള്ളി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അമരക്കുനിക്കടുത്ത വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തു. ആദ്യ ദിവസങ്ങളിൽ ഡ്രോൺ ക്യാമറ വരെ ഉപയോഗിച്ച് ആർആർടി സംഘം തെരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു. 

ഇതിനിടെ  കടുവ ദേവർഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാർ യാത്രികർ മൊബൈലിൽ പകർത്തി. ഇതോടെയാണ് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനു വനം വകുപ്പ് തീരുമാനിച്ചത്. അഞ്ച് കൂടുകളിലാണ് കടുവക്കായി കെണിയൊരുക്കിയത്. പ്രദേശത്ത് 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും തെർമൽ ഡ്രോണുകളും നോർമൽ ഡ്രോണുകളും ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടയാണ് കടുവ കൂട്ടിൽ ആയി. തൂപ്ര അംഗനവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന കടുവാ കെണിയിൽ കുടുങ്ങിയ പെൺകടുവയുടെ ദൃശ്യങ്ങളും വൈകാതെ പുറത്തുവന്നിരുന്നു.

Read More :ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ കാണാനില്ല, ദുരൂഹതയെന്ന് പൊലീസ്

tags
click me!