പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
മാനന്തവാടി: കാട്ടിക്കുളം പനവല്ലിയില്‍ കടുവ പശുകിടാവിനെ കൊലപ്പെടുത്തി. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് കടുവ പശുകിടാവിനെ ആക്രമിക്കുന്നതാണ്. ഇവര്‍ ബഹളം വെച്ചതോടെ കടുവ ഓടി മറയുകയായിരുന്നു.
പിന്നീട് പ്രദേശത്ത് നിരീക്ഷണത്തിനായുണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍മാരും വീട്ടുകാരുമെല്ലാം വീട്ടലെത്തി. ഇവർ പുലര്‍ച്ചെ വരെ ജാഗ്രതയോടെ കാത്തിരിന്നു. ഇതിനിടയില്‍ പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ ദിവസം പുളിക്കൽ റോസയുടെ പശുക്കിടാവിനെയും കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞയാഴ്ച പുളിക്കൽ സ്വദേശിയായ മാത്യുവിന്റെ വീട്ടിൽ പശുവിനെ കടുവ കൊന്നിരുന്നു. ഏതാനും നാളുകളായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ട്. പ്രദേശവാസികളുടെ വളർത്ത് മൃഗങ്ങളെ കടുവ കടിച്ചുകൊല്ലുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും ഭയമാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല.
Read More : നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎമാരുടെ ഹർജി എതിർത്ത് സംസ്ഥാന സർക്കാർ
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം